കൊച്ചി: ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായ കെവിന്റെ ബന്ധുക്കള്‍ക്ക് പിന്തുണയറിയിച്ച് ഫുട്‌ബോള്‍ താരം സി.കെ.വിനീത്. കെവിനെ കൊന്നത് രാഷ്ട്രീയമോ ബ്യൂറോക്രസിയോ ആണെന്ന് പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണത്തില്‍ നിന്ന് വഴുതിപ്പോകുകയാണ് മാധ്യമങ്ങളും സമൂഹവുമെന്ന് സി.കെ.വിനീത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം ജാതി വിദ്വേഷമാണെന്ന് പറയാന്‍ മടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും വിനീത് ആശങ്ക പ്രകടിപ്പിച്ചു.

‘എഴുതുന്നവരും, പറയുന്നവരും ജാതിവെറിയുടെ ഇരയാണ് കെവിന്‍ എന്നു പറയുന്നതോ, അതിന്റെ പ്രാധാന്യം മനസിലാക്കുന്നതോ ഇല്ല. പക്ഷെ ആരെങ്കിലും അത് പറഞ്ഞേ തീരൂ,’ വിനീത് കുറിച്ചു.

‘കെവിന്റെ കുടുംബം കടന്നുപോകുന്ന അവസ്ഥയോ അവരുടെ ദുഃഖമോ തനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. ഇതിനെ തരണം ചെയ്യാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെ എന്നു ഈ അവസരത്തില്‍ താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കൈയ്യില്‍ അഴിമതിയുടെ കറപുരളാത്തവര്‍ ഇപ്പോള്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണം. കെവിന്‍ സ്‌നേഹിക്കുക മാത്രമേ ചെയ്തുള്ളൂ,’ വിനീത് തന്റെ കുറിപ്പില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ