തിരുവനന്തപുരം: ഫോൺകെണി വിഷയത്തിൽ കുറ്റസമ്മതം നടത്തിയ വിവാദ ചാനലിനെതിരെ സാസംകാരിക നായകരും മാധ്യമപ്രവര്‍ത്തകരും ജനങ്ങളും ഒന്നടങ്കം രംഗത്തെത്തി. വിവാദ ചാനലിന് മാപ്പില്ലെന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ എ.കെ ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും, മാധ്യമ പ്രവർത്തകയാണെന്നും പറഞ്ഞ് നിലപാട് തിരുത്തിയാണ് വിവാദ ചാനൽ രംഗത്തെത്തിയത്. മാധ്യമ പ്രവർത്തക സ്വമേധയാ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നടന്നത് സ്റ്റിംഗ് ഓപ്പറേഷനാണെന്നും ചാനൽ സി.ഇ.ഒ. ആർ. അജിത്കുമാർ പറഞ്ഞു. വീഴ്ച സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അജിത് കുമാർ പറഞ്ഞു.
പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചാണ് മന്ത്രി സംഭാഷണം നടത്തിയത് എന്നായിരുന്നു ചാനലിന്റെ ആദ്യ അവകാശവാദം. ഇതാണിപ്പോൾ ചാനൽ തന്നെ തിരുത്തിയിരിക്കുന്നതും. എട്ടു പേരടങ്ങുന്ന സംഘത്തെയാണ് സ്റ്റിംഗ് ഓപ്പറേഷനായി ചാനൽ നിയോഗിച്ചിരുന്നത്. ഇതിൽ ഒരു മാധ്യമപ്രവർത്തകയാണ് മന്ത്രിയുമായി അടുപ്പമുണ്ടാക്കി കെണിയൊരുക്കിയത്. സംഭവത്തിൽ മറ്റു ഏഴു പേർക്കും പങ്കില്ലെന്നും ചാനൽ സി.ഇ.ഒ. പറഞ്ഞു.
അതേസമയം, ചാനൽ സത്യം തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്നും ഖേദപ്രകടനം നടത്തിയത് നല്ല മാതൃകയാണെന്നും എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. തുടർന്നുള്ള കാര്യങ്ങളിൽ പാർട്ടിയും മുഖ്യമന്ത്രിയും ചേർന്ന് തീരുമാനിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. എന്നാല്‍ ശശീന്ദ്രന്റെ തീരുമാനം തന്നെയാണ് നിര്‍ണായകമാകുക. ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് എന്‍സിപിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ശശീന്ദ്രൻ രാജിവെച്ച ഒഴിവിൽ പുതിയ മന്ത്രി ഉടൻ വേണമെന്ന് ഇന്നലെ എൻസിപി അറിയിച്ചിരുന്നു. ശശീന്ദ്രന് പകരക്കാരനായി പാർട്ടിയുടെ മറ്റൊരു എം.എൽ.എ ആയ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ പാർട്ടിയുടെ സംസ്ഥാന നേത്രത്വം തീരുമാനിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുൻപ് തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ വേണമെന്ന് എൻസിപി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ശശീന്ദ്രന് തിരിച്ചുവരവിനുള്ള പാത തുറക്കുന്നത്. ഇന്ന് നടക്കുന്ന അടിയന്തിര സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ വിഷയം ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.