എറണാകുളം: മുന്‍ ഗതാതഗ മന്ത്രി എകെ ശശീന്ദ്രനെതിരായ ടെലിഫോണ്‍ വിവാദ കേസില്‍ ഉള്‍പ്പെട്ട ചാനല്‍ ലേഖിക കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഫോൺ കെണി വിവാദത്തിൽ ചാനൽ ജീവനക്കാരി ശശീന്ദ്രനെതിരെ സമർപ്പിച്ച സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം മജിസ്ടേറ്റ് കോടതിയിലെ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് യുവതിയുടെ ആവശ്യം. ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർന്നെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചു.

കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കിയെന്നും ഇത് തികച്ചും വ്യക്തിപരമായ സംഭവമായതിനാല്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ താന്‍ നല്‍കിയ കേസിലെ നടപടികള്‍ റദ്ദാക്കണമെന്നാണ് യുവതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.

എൻസിപി മന്ത്രിയായ തോമസ് ചാണ്ടിയുടെ രാജിക്ക് സമർദ്ദമേറിയ പശ്ചാത്തലത്തിലാണ് എ.കെ ശശീന്ദ്രന് അനൂകലമായ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. തോമസ് ചാണ്ടി രാജിവെച്ചാൽ മന്ത്രി സ്ഥാനം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് എ.കെ ശശീന്ദ്രൻ. എന്നാൽ ഇതിൽ ഇടത് മുന്നണിയായിരിക്കും തീരുമാനം എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ