എറണാകുളം: മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ എ.കെ.ശശീന്ദ്രൻ ഇനിയും കാത്തിരിക്കണം. അശ്ലീല ഫോൺ വിളിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 12ലേക്ക് മാറ്റി. ശശീന്ദ്രന് എതിരായ കേസ് തുടരണമെന്നാവശ്യപ്പെട്ട് 3 പേർ കൂടി ഹർജി നൽകിയിട്ടുണ്ട്. നേരത്തെ ശശീന്ദ്രന് എതിരായ കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് മഹിള മോർച്ച ഹർജി നൽകിയിരുന്നു.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തക ഹൈക്കോടതിയിൽ ഹർജി നൽകിയത്. ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർന്നെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നും യുവതി ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
കേസ് റദ്ദാക്കിയാൽ എ.കെ.ശശീന്ദ്രൻ ഉടൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തും. ശശീന്ദ്രന് മന്ത്രിസ്ഥാനം തിരിച്ച് നൽകുമെന്ന് എൻസിപി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഫോൺ കെണി വിവാദത്തെപ്പറ്റി അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ശശീന്ദ്രന് ക്ലിൻ ചിറ്റ് നൽകിയിരുന്നു. ശശീന്ദ്രനെ മനഃപൂർവ്വം കുടുക്കിയതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.