തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ പരാതിക്കാരി മൊഴിമാറ്റി, മുൻമന്ത്രി ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി.ശശീന്ദ്രന് എതിരെ തെളിവില്ലെന്ന് കോടതി. കേസ് ഒത്തുതീർപ്പാക്കരുതെന്ന പൊതു താൽപര്യ ഹർജി തളളി
മെയ് 29 നാണ് ഫോൺകെണി വിവാദത്തിൽ കോടതി കേസ് എടുത്തത്.
ജനുവരി 24 ന് കോടതിയിൽ പരാതിക്കാരി തന്റെ പരാതി നിഷേധിച്ച് കോടതിൽ മൊഴി നൽകിയിരുന്നു. തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ പരാതിക്കാരി കോടതിയെ അറിയിച്ചു. ഫോണിൽ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി മൊഴികൊടുത്തിരുന്നു. എന്നാൽ കേസിൽ പരാതിക്കാരി കോടതിയിൽ നിലപാട് മാറ്റിയത് ശശീന്ദ്രൻ ഭീഷണിപ്പെടുത്തിയിട്ടാകാമെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് സ്വദേശിനി മഹാലക്ഷ്മി കോടതിയെ സമീപിച്ചു. എന്നാൽ വിധി മാറ്റിവയ്ക്കണമെന്ന ഹർജിയെ പരാതിക്കാരി എതിർത്തു. തുടർന്നാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
കുറ്റവിമുക്തനാക്കിയതിൽ സന്തോഷമെന്ന് കോടതിവിധി അറിഞ്ഞ ശേഷം ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ ആരും എനിക്കെതിരെ ഗൂഢാലോചന നടത്തിയതായി കരുതുന്നില്ല. ജുഡീഷ്യൽ കമ്മിഷനും കോടതിയും കുറ്റവിമുക്തനാക്കിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദേശീയ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി.
2016 മെയ് 25 ന് പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2017 മാർച്ച് 26 ന് ഫോൺ കെണി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് രാജിവച്ചു. മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് ശശീന്ദ്രന് കേസിൽഅനുകൂല വിധി വരുന്നത്.
എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോൺ കെണി വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ മാർച്ച് 26 ന് തീരുമാനിച്ചു. റിട്ട. ജില്ല ജഡ്‌ജി പി.എസ്.ആന്റണിയെയാണ് കമ്മീഷനായി നിയമിച്ചത്. കഴിഞ്ഞ വർഷം നവംബർ 21 ന് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുളള സംവിധാനം വേണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ഫോൺ കെണി വിവാദത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. കേസിൽ മംഗളം ചാനൽ സിഇഒ അജിത്കുമാർ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്തു. പരാതിക്കാരിയായ യുവതി നൽകിയ പരാതിയിൽ കോടതിയിൽ ശശീന്ദ്രന് എതിരെ കേസ് വന്നു. എന്നാൽ 2018 ജനുവരി 24 ന് തനിക്ക് ഫോൺകെണി വിവാദത്തിൽ കുടുങ്ങിയ മുൻമന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് യുവതി കോടതിയിൽ പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗികവസതിയിൽവച്ച് തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ അവർ കോടതിയെ അറിയിച്ചു. ഫോണിൽ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയിൽ വ്യക്തമാക്കി.
ഫോൺകെണി വിവാദത്തെ തുടർന്ന് ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ മന്ത്രിയായി എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി ചുമതലയേറ്റു. 2017 ഏപ്രിൽ ഒന്നിനാണ് തോമസ് ചാണ്ടി മന്ത്രിയായി സ്ഥാനമേറ്റത്. എന്നാൽ കായൽ നിലം നികത്തലുമായി ബന്ധപ്പെട്ട വിവാദത്തിന്രെ പേരിൽ 2017 നവംബർ 15 ന് തോമസ് ചാണ്ടി രാജിവച്ചു. നിലവിൽ മന്ത്രിസഭയിൽ എൻസിപിക്ക് പ്രാതിനിധ്യമില്ല.
കേസ് ഒഴിവായാൽ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഇക്കാര്യത്തിൽ താമസമില്ലാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.