തിരുവനന്തപുരം: സ്വവര്‍ഗ ലൈംഗികത എന്നത് ചികിത്സ ആവശ്യമുളള മാനസിക വൈകല്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കി കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ശശികലയുടെ പ്രതികരണം.
ഭരണഘടനാ ശില്‍പ്പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ച് കൊണ്ടായിരിക്കാമെന്ന് ശശികല പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എല്ലാ നിയമവും നാം പിന്തുടരുന്നില്ല. ഐപിസി 377 നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്ന് അറിയില്ലെന്നും ശശികല പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
‘മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്റേതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും. അതിനാല്‍ ഇത്തരം ചില നിബന്ധനകളും കാര്യങ്ങളും ആവശ്യമാണെന്നാണ് എന്നെ സംബന്ധിച്ച് തോന്നുന്നത്. ഇത് ചികിത്സ വേണ്ടുന്നൊരു മാനസിക വൈകൃതമാണ്. അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണോ എന്നൊരു സംശയമുണ്ട്.’ ശശികല പറഞ്ഞു.
ചരിത്രപരമായ വിധിയിലൂടെ സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കുകയായിരുന്നു. സ്വവർഗ ബന്ധങ്ങൾ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമർത്തലുകളും നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷണം. സ്വവർഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനൽ കുറ്റമാക്കിയ കൊളോണിയൽ കാലഘട്ടത്തിലെ നിയമം റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എൽ.ജി.ബി.ടി സമൂഹത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നതിന് കേന്ദ്ര സർക്കാർ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്കാണ് ചരിത്രപരമായ വിധിയിലൂടെ മാറ്റം വന്നിരിക്കുന്നത്. കേസിൽ നാല് വിധിപ്രസ്താവം ഉണ്ടെങ്കിലും ഏകാഭിപ്രായമാണെന്ന് വിധി ആദ്യം വായിച്ച ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ സമൂഹം പക്വതയാർജിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആരെ പങ്കാളിയായി സ്വീകരിക്കണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണ്. ലൈംഗികതയുടെ പേരിൽ ഒരു വ്യക്തി ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം സമൂഹത്തിലുണ്ടാകരുത്. ജീവിക്കാനുള്ള പൗരന്‍റെ സ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും കോടതി വിധിച്ചു.