തൊടുപുഴ: മൂന്നാറില്‍ ഹോംസ്‌റ്റേ തകര്‍ന്നു വീണതിനു പിന്നാലെ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്ത്. അപകട സാധ്യതയുള്ള റിസോര്‍ട്ടുകള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കിത്തുടങ്ങി. മൂന്നാര്‍ ആനച്ചാലിനു സമീപം ആല്‍ത്തറയില്‍ നിര്‍മാണം നടത്തി വന്നിരുന്ന നാലുനിലക്കെട്ടിടമാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കനത്ത മഴയിൽ തകര്‍ന്നുവീണത്. ഇതേ തുടർന്നാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അപകട സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഇടങ്ങളിൽ നിർമ്മാണ പ്രവർത്തനം നിർത്തിവയ്‌ക്കാനും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അപകട​ഭീഷണിയുണ്ടെങ്കിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ചാണ് മെമ്മോ നൽകിയിട്ടുളളത്.

നാലുനില കെടിടം തകർന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാൽ അപായം ഒഴിവാക്കിയെങ്കിലും ഇത്തരത്തില്‍ അപകട ഭീഷണിയിലായ നിരവധി റിസോര്‍ട്ടുകള്‍ ആനവച്ചാലിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന പത്തോളം റിസോര്‍ട്ടുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കുമാണ് ദേവികുളം തഹസീല്‍ദാര്‍ പി.കെ.ഷാജിയുടെ നേതൃത്വത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. അതേസമയം ഇന്നലെ തകര്‍ന്നുവീണ ഹോംസ്‌റ്റേ ഉടമയ്‌ക്കു വീട് നിര്‍മിക്കാനുള്ള എന്‍ഒസി മാത്രമാണ് നല്‍കിയിരുന്നതെന്നും ഇതു ലംഘിച്ചാണ് വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിച്ചതെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. നിയമം ലംഘിച്ചു കെട്ടിടം പണിതതുകൊണ്ടു തന്നെ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ യാതൊരു വിധത്തിലുള്ള നഷ്‌ടപരിഹാരവും സര്‍ക്കാരില്‍ നിന്നു ലഭിക്കില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

കുത്തനെയുള്ള ചരിവുകളിലും കയറ്റങ്ങളിലുമായി നിരവധി റിസോര്‍ട്ടുകളാണ് ആനച്ചാല്‍ മേഖലയില്‍ മാത്രം നിര്‍മിച്ചിട്ടുള്ളത്. ഇത്തരം നിര്‍മാണങ്ങളെല്ലാം പാരിസ്ഥിതിലോല മേഖലയിലാണെന്നും ശക്തമായ മഴ പെയ്‌താല്‍ ഇവയെല്ലാം തകരാനിടയുണ്ടെന്നും റവന്യൂ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

ആനച്ചാല്‍ -ഈട്ടി സിറ്റിയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി രണ്ടേക്കറോളം കൃഷി ഭൂമി പൂര്‍ണമായും ഒലിച്ചു പോകുകയും മൂന്നു വീടുകളില്‍ കല്ലും മണ്ണും ഒഴുകിയെത്തുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ റിസോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്ന ആനച്ചാലിലെ പല മേഖലകളും സുരക്ഷാ മുൻകരുതലെടുത്ത് വരും നാളുകളില്‍ പെയ്യുന്ന മഴയ്‌ക്ക് മുന്‍പ് തന്നെ റിസോര്‍ട്ടുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാനാണിപ്പോള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ