തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിഎജി റിപ്പോർട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. തോക്കുകൾ കാണാതായിട്ടില്ലെന്നും സംഭവിച്ചത് കണക്കിലെ പിഴവുകൾ മാത്രമാണെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു.

1994 മുതൽ തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്കുകൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. ഉപകരങ്ങൾ വാങ്ങിയത് സർക്കാർ സ്ഥപനമായ കെൽട്രോൺ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിഎജി റിപ്പോർട്ടിൽ കെൽട്രോണിനെ പഴിചാരുന്നതിൽ കാര്യമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Read More: വെടിയുണ്ട കാണാതായ സംഭവം: ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

ആയുധങ്ങൾ സൂക്ഷിക്കുന്നതിലെ കണക്കുകളിൽ പിഴവ് വരുത്തിയത് ഗുരുതരമായ ഉത്തരവാദിത്ത ലംഘനമാണ്. എന്നാൽ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം വെടിയുണ്ടകൾ കാണാതായ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.