ആലപ്പുഴ: സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടാന്‍ കാരണം അമിത വേഗമെന്ന് നിഗമനം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാകാം അപകടം സംഭവിച്ചതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കായംകുളത്ത് വച്ചാണ് വേണുവും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വേണു ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വേണുവിന്റെ ഭാര്യയുമായ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍. എല്ലാവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
വേണുവിന്റെ പരുക്ക് അല്‍പ്പം ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വയറിനും മൂക്കിനുമാണ് പരുക്ക്. ആന്തരിക രക്തസ്രാവം സംഭവിച്ചതായും വിവരമുണ്ട്. മറ്റ് ആരുടേയും പരുക്ക് സാരമുള്ളതല്ല. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. എറണാകുളം ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.