തിരുവനന്തപുരം: വാളയാറിൽ കോവിഡ് ബാധിതനുമായി ഇടപെട്ട രാഷ്ട്രീയ നേതാക്കൾ അടക്കം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് പാലക്കാട് ഡിഎംഒ. മേയ് 12ന് പാലക്കാട് ജില്ലയില്‍വച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും രോഗബാധിതൻ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പൊലീസുകാർ, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പ്രവേശിക്കാനും ഡിഎംഒ ഓഫീസുമായി ബന്ധപ്പെടാനും ഡിഎംഒ കെ.പി.റീത്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. എംഎൽഎമാരും എംപിമാരും ക്വാറന്റൈനിൽ പോകണമെന്ന് നിർദേശിച്ചതായി ഡിഎംഒ കെ.പി.റീത്ത സ്ഥിരീകരിച്ചു.

കോൺഗ്രസ് എംപിമാരായ രമ്യ ഹരിദാസ്, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവരാണ് ക്വാറന്റൈനിൽ പോകേണ്ടത്. ഇവർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. അതേസമയം, ക്വാറന്റൈനിൽ പോകണമെന്ന് ഇതുവരെ നിർദേശം ലഭിച്ചിട്ടില്ലെന്ന് രമ്യ ഹരിദാസ് എംപി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: അങ്ങനെയൊരു പോസ്റ്റില്ല, പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എംഎൽഎ

കഴിഞ്ഞ ദിവസം ഡിഎംഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും, ഡിഎസ്‌ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്‌ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗ തീരുമാന പ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.

പ്രാഥമിക സമ്പര്‍ക്ക പട്ടികയെ പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്‌ട്, പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും മേയ് ഒമ്പതിന് രാവിലെ 10 ന് വാളയാര്‍ അതിര്‍ത്തിയില്‍ വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈറിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരോട് ഹോം ക്വാറന്റൈനിൽ പ്രവേശിക്കാന്‍ നിലവില്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. വാളയാര്‍ അതിര്‍ത്തിയില്‍ രോഗബാധിതനെ പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരും പ്രൈമറി ഹൈറിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്.

Read Also: സ്‌പെഷ്യൽ ട്രെയിൻ സർവീസ്: കേരളത്തിനുള്ളിൽ യാത്ര ചെയ്യാമോ?

14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും. അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര്‍, മേല്‍പ്പറഞ്ഞ ഹൈറിസ്‌ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികൾ, പൊതു ജനങ്ങള്‍ എന്നിവര്‍ ലോറിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും.

മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷ മാനിച്ച് തങ്ങളുടെ ജോലി നിര്‍വഹിക്കണമെന്ന് ഡിഎംഒ ഡോ.കെ.പി.റീത്ത അറിയിച്ചു. ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മൈക്ക് കരുതലോടെ ഉപയോഗിക്കണം. മൈക്ക് മൂടിയോ ദൂരെ വച്ചോ ഉപയോഗിക്കുക. മാസ്‌ക് കൃത്യമായി ധരിക്കുക. സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നതില്‍ മടി കാണിക്കരുതെന്നും ഡിഎംഒ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.