scorecardresearch
Latest News

ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും

ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഒരുക്കുന്നത്

veena george, cpm, ie malayalam

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികള്‍ മുഖേനയാണ് വീട്ടില്‍ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സേവനം ലഭിക്കുന്നത്.

സംസ്ഥാനത്ത് 102 ആശുപത്രികളിലും 10 മെഡിക്കല്‍ കോളജുകളിലുമുള്‍പ്പെടെ പ്രതിമാസം അരലക്ഷത്തോളം രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്.

ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Home dialysis project started in all districts says hm veena george