കൊച്ചി: രണ്ടു ദിവസം നീണ്ട മാര്‍ അപ്രം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളോടു മുഖംതിരിച്ച് ഓര്‍ത്തഡോക്‌സ് സഭ. നാല്  ദിവസത്തെ ഇന്ത്യാ സന്ദർശനത്തെത്തിയ ബാവയുടെ ദ്വിദിന കേരള സന്ദർശനത്തിൽ​ യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന ലക്ഷ്യം വിജയം കണ്ടില്ല. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ കത്തയച്ചതിനെത്തുടര്‍ന്നാണ് പാര്‍ത്രിയാര്‍ക്കീസ് ബാവ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി സഭാ തര്‍ക്കങ്ങള്‍ പരസ്പരം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച് പാര്‍ത്രിയാര്‍ക്കീസ് ബാവ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിനു മറുപടി നല്‍കാതിരുന്ന ഓര്‍ത്തഡോക്സ് സഭ ദേവലോകത്ത് ഇന്ന് ചേര്‍ന്ന സഭാ സൂനഹദോസിലും പാര്‍ത്രിയാര്‍ക്കീസ് ബാവയെ കാണാനോ ചര്‍ച്ച നടത്താനോ തല്‍ക്കാലം പോകേണ്ടതില്ലെന്ന നിലപാടിലാണെത്തിയതെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന വ്യക്തമാക്കുന്നത്.

പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ കത്ത് ഇന്നു നടന്ന സൂനഹദോസിന്റെ അജണ്ടയിൽ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിഷപ്പുമാരെല്ലാം ഇപ്പോള്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണെത്തിയതെന്നാണ് സൂചന. ഇതോടെ സഭാ തര്‍ക്കം പരിഹരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പാര്‍ത്രിയാര്‍ക്കീസും ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കയും തമ്മില്‍ നടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ചര്‍ച്ച നടക്കില്ലെന്നുറപ്പായി.

1934-ലെ സഭാ ഭരണഘടനയും 2017-ല്‍ സുപ്രീം കോടതി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിച്ച ഉത്തരവും യാക്കോബായ സഭ അംഗീകരിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കു മാത്രമേ ഓര്‍ത്തഡോസ്‌ക്സ് സഭ തയാറാവുകയുള്ളുവെന്ന് ഓര്‍ത്തഡോക്സ് സഭ പിആര്‍ഒ പ്രൊഫസര്‍ പി സി ഏലിയാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഇതിനു മുന്‍പു 2015-ലും സഭാ തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മാര്‍ അപ്രേം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്സ് വിഭാഗം കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും നിന്നു വിട്ടുനിന്നതോടെ ചര്‍ച്ചകള്‍ നടക്കാതെ പോവുകയായിരുന്നു. കേരളം സന്ദര്‍ശിക്കുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചകളില്‍ നിന്നു വിട്ടു നിന്നത്.

എന്നാല്‍ ഇത്തവണ നേരത്തേ തന്നെ കത്തയച്ചിട്ടും പാര്‍ത്രിയാര്‍ക്കീസ് ബാവയെ കാണാന്‍ തയാറാകാത്ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് സഭാ പ്രശ്‌നം പരിഹരിക്കണമെന്ന ആഗ്രഹമില്ലാത്തതിനാലാണെന്ന് യാക്കോബായ സഭ മുന്‍ മുഖ്യ വക്താവും ക്വസ്റ്റ് ഫോര്‍ പീസ് സമാധാന സംഘടന കണ്‍വീനറുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. 1934 ലെ ഓര്‍ത്തഡോക്‌സ് ഭരണഘടനയില്‍ തന്നെ പാര്‍ത്രിയാര്‍ക്കീസ് ആത്മീയ തലവനാണെന്നു പറയുന്നുണ്ട്. അതേ തലവന്റെ കത്താണ് ഇപ്പോള്‍ തള്ളിയിരിക്കുന്നതും, ഇത് വിരോധാഭാസമാണ്, ഫാദര്‍ കല്ലാപ്പാറ പറയുന്നു.

സഭാ തര്‍ക്കം പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ത്രിയാര്‍ക്കീസ് ബാവ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്തു പാര്‍ത്രിയാര്‍ക്കീസ് ബാവ സന്ദര്‍ശനത്തിനെത്തിയിട്ടും ചര്‍ച്ചകളില്‍ നിന്നു ഓര്‍ത്തഡോക്സ് വിഭാഗം വിട്ടു നിന്നതോടെ സഭാ തര്‍ക്കം വീണ്ടും മൂർച്ഛിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടെ വ്യാഴം വെള്ളി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ തങ്ങുന്ന പാര്‍ത്രിയാര്‍ക്കീസ് ബാവ പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായുളള​ ചർച്ചയിൽ​ സഭാ തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയവും ഉൾപ്പെടുമെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ