തിരുവനന്തപുരം: കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. കേരള, എംജി യൂണിവേഴ്‌സിറ്റികള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തൃശൂർ ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നതിനാലും ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ മഴയുടെ അളവ് നന്നായി കുറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ പലയിടത്തും മഴ പെയ്തെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാണ്.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടർച്ചയായി മഴപെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി. എൽ എസ് ജിഡി അസിസ്റ്റന്റ് എൻജിനീയറും ഓവർസിയറും സ്കൂളുകൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും നാളെ റിപ്പോർട്ട് നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നഗരസഭകളിലെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോർപ്പറേഷൻ എഇമാരും റിപ്പോർട്ട് നൽകണം.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെ തുടർന്നാണ് ഇത്. ഇന്ന് ഓറഞ്ച് അലർട്ടാണ് എറണാകുളം ജില്ലയിൽ.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയില്‍ 241 ദുരിതാശ്വാസ ക്യാമ്പുകളിലായി അമ്പതിനായിരത്തില്‍പരം ആള്‍ക്കാര്‍ അധിവസിക്കുന്നതിനാലും നാളെ ജില്ലയിൽഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) നാളെ അവധിയായിരിക്കും എന്ന് മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചു.

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട്‌ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാള  (13.8.2019) ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

അതേസമയം, ആശങ്ക പരത്തി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, അതിതീവ്രമഴ ഉണ്ടാകില്ലെന്നാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.