കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുകയില്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ വരുന്ന മൂന്ന് ദിവസം കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. 13-03-23(തിങ്കള്‍), 14-03-23(ചൊവ്വ), 15-03-23(ബുധന്‍) ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് അവധി ബാധകം. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍ , ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയായിരിക്കും.
എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല. തീപിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന പുകയുടെ തോതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും വായു ഗുണ നിലവാര സൂചിക കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.