തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആര്‍ത്തവകാല ആരോഗ്യം ഉറപ്പാക്കുന്നതിനായി ഹിന്ദുസ്ഥാന്‍ ലൈഫ്കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍) സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് ഷീ-പാഡ് പദ്ധതി നടപ്പാക്കുന്നു. അടുത്ത മാസം പകുതിയോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ വരുന്ന പദ്ധതി രാജ്യത്ത് ഇത്തരത്തില്‍ ആദ്യത്തേതാണ്.

പദ്ധതിയുടെ ഭാഗമായി, ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ സാനിട്ടറി നാപ്കിനുകളും അവബോധം സൃഷ്ടിക്കുന്നതിനുള്ള ലഘുലേഖകളും നല്‍കും. ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ആര്‍.പി.ഖണ്‌ഡേല്‍വാള്‍ പറഞ്ഞു.

പദ്ധതി രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്‌തെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാന്‍ കാലതാമസം നേരിട്ടു. നടപടികളെല്ലാം പൂര്‍ത്തിയായതായും പദ്ധതി ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണെന്നും ശ്രീ. ഖണ്‌ഡേല്‍വാള്‍ അറിയിച്ചു. ആര്‍ത്തവത്തെപ്പറ്റി ആണ്‍കുട്ടികള്‍ക്കും ആരോഗ്യപരമായ ബോധവല്‍ക്കരണവും ഷീ-പാഡ് പദ്ധതിയുടെ ഭാഗമായി നടത്തും.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 110 സ്‌കൂളുകളിലും കോഴിക്കോട്ട് 623 സ്‌കൂളുകളിലും നടപ്പിലാക്കിയ പദ്ധതിക്ക് വിദ്യാര്‍ഥിനികളില്‍നിന്നും അധ്യാപികമാരില്‍നിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്. പദ്ധതിക്ക് പണം നല്‍കുന്ന 106 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആ ഇനത്തില്‍ ഒന്നരക്കോടി രൂപ സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനു കൈമാറിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെയും മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സാനിട്ടറി നാപ്കിന്‍ വിതരണം.

വെന്‍ഡിഗോ മെഷീന്‍ സംവിധാനത്തിലൂടെ സ്‌കൂളുകളും സ്ത്രീകളുടെ തൊഴിലിടങ്ങളുമുള്‍പ്പെടെ നാലായിരത്തോളം സ്ഥാപനങ്ങളില്‍ എച്ച്എല്‍എല്‍ നിലവില്‍ സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നുണ്ട്. എച്ച്എല്‍എല്ലിന്റെ ബല്‍ഗാം കനഗല ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാപ്പി ഡേയ്‌സ് സാനിറ്ററി നാപ്കിനാണ് വെന്‍ഡിഗോയില്‍ ലഭിക്കുന്നത്. മാസം തോറും 400 ദശലക്ഷം നാപ്കിനുകളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ഉപയോഗശേഷം നാപ്കിനുകള്‍ സുരക്ഷിതമായും പരിസ്ഥിതി മലിനീകരണമുണ്ടാക്കാതെയും നശിപ്പിക്കുന്നതിനായി ഇന്‍സിനറേറ്ററുകളും മെഷീനൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.