scorecardresearch

ബജറ്റിൽ കണ്ടതും കാണാത്തതും

കേരളത്തിലെ ചരിത്രമെഴുതിയ തുടർ ഭരണത്തിലെ ആദ്യ ബജറ്റ്, ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് മുന്നോട്ട് വെക്കുന്ന ചില പ്രതീക്ഷകളും നിരാശകളും

ബജറ്റിൽ കണ്ടതും കാണാത്തതും

പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം സർക്കാരിലെ കന്നിബജറ്റ് കന്നിക്കാരനായ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. അത്ഭുതങ്ങളൊന്നുമില്ലാത്ത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ സന്നദ്ധത കാണിക്കുന്ന ബജറ്റ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. വലിയ ഗിമ്മിക്കളൊന്നും കാണിക്കാതെ സാമൂഹികവസ്ഥയെ ഇന്നത്തെ സാമ്പത്തിക പരിതസ്ഥിതിയിൽ എങ്ങനെ അഭിമുഖീകരിക്കണം എന്ന് ചില ആലോചനകൾ ഈ ബജറ്റിലുണ്ട്. എന്നാൽ, പൂർണ്ണമായും സമൂഹത്തിനെ ഉൾക്കൊണ്ടുകൊള്ളതാണോ എന്ന് ചോദ്യമുയർന്നാൽ അല്ല എന്ന് തന്നെ പറയേണ്ടി വരും. അത് ഒരു ബജറ്റിൽ സാധ്യമാകുന്നതുമാകില്ല. എങ്കിലും യാഥാർത്ഥ്യ ബോധത്തിലേക്കാണ് ഈ ബജറ്റ് വാതിൽ തുറന്നുവെക്കുന്നത്.

കഥ, കവിത, ചിത്രം, തുടങ്ങിയ കൗതുകങ്ങളൊന്നും തന്റെ കന്നി ബജറ്റിന് കൊഴുപ്പേകാൻ ബാലഗോപാൽ തിരഞ്ഞെടുത്തില്ല. എന്നാൽ, തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ കാതലിനെ ബാലഗോപാൽ ഉപേക്ഷിച്ചതുമില്ല. അതിനെ ഉൾക്കൊള്ളുകയും ദിവസങ്ങൾക്കുള്ളിൽ മാറിയ പുതിയ സാഹചര്യത്തെ കൂടി കണക്കിലെടുത്ത് ബജറ്റിനെ സമകാലികമാക്കിയെടുക്കുകയും ചെയ്തു. മുൻകാലങ്ങളേക്കാൾ കുറച്ചുകൂടെ വ്യക്തവും സ്പഷ്ടവുമായി സാമ്പത്തിക, സാമൂഹിക, മേഖലകളെ കുറിച്ചുള്ള പ്രത്യക്ഷ രാഷ്ട്രീയ നിലപാടും ബജറ്റിൽ അദ്ദേഹം വ്യക്തമാക്കി. കാൽപ്പനിക ഭാവമുള്ള ധനമന്ത്രിയുടെ ഭാവനകളല്ല, മറിച്ച് രാഷ്ട്രീയ ബോദ്ധ്യങ്ങളിലൂന്നിയ ധനമന്ത്രിയുടെ സമീപനങ്ങളിലാണ് പുതുക്കിയ ബജറ്റിലെ ഊന്നൽ.

ബജറ്റ് പ്രസംഗത്തിൽ തുടർ ഭരണം ലഭിച്ചതിനെ കുറിച്ചും അതിന് കാരണമായ ഘടകങ്ങളെ കുറിച്ചും തന്റെ മുൻഗാമിയായ ഡോ. തോമസ് ഐസക്കിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അവരുടെ നിലപാടുകളെയും പ്രകീർത്തിക്കുന്നു ധനമന്ത്രി. പ്രതിപക്ഷം മുൻ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച സമീപനങ്ങളെ തന്ത്രപരമായി വിമർശിച്ച ധനമന്ത്രി കോവിഡാനന്തര കാലത്തെ വികസന പ്രവർത്തനത്തെ കുറിച്ച് പറയുമ്പോൾതന്നെ ബജറ്റിലം എൽ ഡി എഫ് പ്രകടന പത്രികയിലും പറഞ്ഞ ദീർഘകാല പരിപാടികളുടെ ലക്ഷ്യം നേടിയെടുക്കാൻ പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷത്തിന്റെ സഹകരണം ഉറ്റുനോക്കുകയാണെന്നും. കോവിഡാനന്തര കേരളത്തിന്റെ നിർമ്മിതിയിൽ ഒരുമിച്ച് നിൽക്കാമെന്നുമാണ് ധനമന്ത്രിയുടെ ആഹ്വാനം.

Covid Virus, WWHO, india

ഡോ. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുമ്പോൾ കോവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള ഒന്നും അതിലുണ്ടായിരുന്നില്ല. അന്ന് രണ്ടാം തരംഗത്തെ കുറിച്ച് ഒന്നും കേന്ദ്ര സർക്കാരോ ഐ സി എം ആർ പോലുള്ള ഏജൻസികളോ മുന്നോട്ട് വച്ചിരുന്നില്ല എന്ന ന്യായം സംസ്ഥാനത്തിന്റെ ഭാഗത്ത് എല്ലാവർക്കും പറയാനുണ്ടാകും. എന്നാലും അത് കേരളത്തിന് അതിന്റെ സവിശേഷമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ ഇത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ബജറ്റിൽ രണ്ടാം തരംഗത്തെ നേരിടാനും മൂന്നാം തരംഗത്തെ നേരിടാനുമുള്ള പര്യാലോചനകൾ ഉണ്ട്. ആരോഗ്യ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ കോവിഡിനെ നേരിടാനുള്ള പദ്ധതികൾ ധനമന്ത്രി ബാലഗോപാൽ പുതുക്കിയ ബജറ്റിൽ മുന്നോട്ട് വച്ചിട്ടുണ്ട്.

ഒന്നാം കോവിഡ് പാക്കേജിലേതുപോലെ രണ്ടാം കോവിഡ് പാക്കേജിലും ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയാണ് പുതിയ ധനമന്ത്രി പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2,800 കോടി രൂപയുടെ പദ്ധതിയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം നൽകുന്നതിനായി 8,900 കോടി രൂപയുടെ പദ്ധതിയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ വായ്പകൾ, സബ്സിഡി എന്നിവയുമായി ബന്ധപ്പെട്ട് 8,300 കോടി രൂപയുമാണ് ചെലവഴിക്കുക.


കേരളത്തിലെ 18 വയസിന് മുകളിലുള്ളവർക്കെല്ലാം സൗജന്യ വാക്സിൻ നൽകാൻ ആയിരം കോടിരൂപയും അതിന് അനുബന്ധഉപകരണങ്ങൾ വാങ്ങാൻ 500 കോടി രൂപയും മാറ്റിവച്ചുവെന്നത് കോവിഡ് പ്രതിരോധത്തിലെ നിർണായക ചുവട് വെപ്പ് തന്നെയായി കാണാം. കോവിഡ് വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നയം കോർപ്പറേറ്റ് കൊള്ളയ്ക്ക് അവസരം നൽകുകയാണ് ചെയ്തതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. കേരളം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് സൗജന്യ വാക്സിനേഷൻ എന്ന് വ്യക്തമാക്കുന്നതാണ് ഇത്.


കേരളത്തിൽ രണ്ടാം തരംഗം ഏൽപ്പിച്ച പ്രത്യാഘാതം വളരെ വലുതാണ് എന്ന തിരിച്ചറിവോടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം എത്ര കുറയ്ക്കാൻ സാധിക്കുമെന്നതിനെ കുറിച്ചും മൂന്നാം തരംഗത്തെ തടയാനോ അതോ അതിന് സാധിച്ചില്ലെങ്കിൽ അതേൽപ്പിക്കുന്ന ആഘാതത്തെ ദുർബലമാക്കാനോ സർവസജ്ജമാകണം എന്ന കാഴ്ചപ്പാട് പുതുക്കിയ ബജറ്റിൽ മുന്നോട്ട് വച്ചിട്ടുണ്ട് എന്നത് ശുഭകരമായ കാര്യമാണ്. അടുത്തെത്തി നിൽക്കുന്ന ആപത്തിനെ മുൻകൂട്ടി കാണാനുള്ള ഈ ശ്രമം കേരളത്തിന് ഗുണകരമാകാം. സൗജന്യ വാക്സിൻ ഉൾപ്പടെ ആറിന പരിപാടി മുന്നോട്ട് വെക്കുന്നത്. ഇതിൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികളാണ് ആറും. പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നുണ്ട് ഇതിൽ. അതിന് പുറമെ കുട്ടികളുടെ ചികിത്സാ സംവിധാനങ്ങൾക്കുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് തുക മാറ്റിവച്ചിട്ടുണ്ട്. മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ഇത് രോഗപ്രതിരോധത്തിൽ നിർണായക സമീപനമായി തന്നെ കാണേണ്ടതുണ്ട്.

ഇത് മാത്രമല്ല, കോവിഡുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി സംബന്ധിച്ച ആസൂത്രണവും നടപടികളും ആരോഗ്യമേഖലയിൽ മാത്രമായി ഒതുക്കി നിർത്തില്ലെന്നും ഇതുമായിബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് മേഖലകളിലേക്ക് ഉദാഹരണം തദ്ദേശ സ്ഥാപനങ്ങൾ, പൊതുവിതരണം, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരെ കൂടി പരിഗണിച്ചുള്ള പ്രത്യേക ശ്രമങ്ങൾ ഉണ്ടാകും എന്ന് ബജറ്റിൽ പറയുന്നുണ്ട് ഇത് ആരോഗ്യപ്രവർത്തനത്തെ പ്രത്യേകിച്ച കോവിഡ് പ്രതിരോധത്തെയും അതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നതിന് തുടക്കമാകും.

കോവിഡ് പാക്കേജിലെ രണ്ടും മൂന്നും പ്രഖ്യാപനങ്ങളിലെ പണം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും രണ്ടാം കോവിഡ് പാക്കേജ് സംസ്ഥാനത്തെ സാമ്പത്തിക സാമൂഹിക സ്ഥിതിഗതികളെ സ്വാധീനിക്കുക. ഇതിൽ 8,900 കോടി രൂപയും 8,300 കോടിരൂപയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള പദ്ധതികളിലൂടെ പണം നൽകുകയാണോ. അതോ പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തിയാണോ എന്ന് വ്യക്തമല്ല. നിലവിൽ നിലനിൽക്കുന്ന തൊഴിലുറപ്പ്, കുടുംബശ്രീ പോലുള്ളവ വഴി നൽകുന്ന പണത്തെയാണോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോ പുതുതായി പണം നൽകുന്ന പുതിയ പദ്ധതികളാണോ എന്നത് വ്യക്തമല്ല. എന്തായാലും പണം സാധാരണക്കാരുടെ കൈവശത്ത് എത്തുമെങ്കിൽ അത് സാമ്പത്തിക രംഗത്തെ ചലിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ നിലവിൽ നൽകുന്ന സാമ്പത്തിക പിന്തുണയാണ് ഇതെങ്കിൽ എത്രത്തോളം മുന്നോട്ട് പോകാനാകും എന്നത് സംശയകരമായ ഒന്നാണ്.

സാമ്പത്തിക പുനരുജ്ജീവന പാക്കേജിൽ കുടുംബശ്രീക്ക് അഞ്ച് ലക്ഷം രൂപവരെ നാല് ശതമാനം പലിശ നിരക്കിൽ നൽകാനുള്ള തീരുമാനം സംസ്ഥാനത്തിലെ അടിത്തട്ടിൽ സാമ്പത്തിക ചലനവും ചെറുകിട സംരഭങ്ങളുടെ വളർച്ചയും നിലനിൽപ്പും സാധ്യമാക്കിയേക്കാം. കോവിഡ് ഏൽപ്പിച്ച ആഘാതത്തെ മറികടക്കാൻ കോവിഡാനന്തരം ഇത് കൊണ്ട് മാത്രം സാധ്യമാകുമോ എന്നത് സാമ്പത്തികവും സാമുഹികവുമായി പിന്നാക്കം നിൽക്കുന്നവരിൽ രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതം എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമേ സാധ്യമാകുകയുള്ളൂ. എന്നാൽ, നിലവിലെ കണക്കുകൾ പ്രകാരം ഇതൊരു ആശ്വാസദായകമായ ഒന്നാണ്. പലിശ ഇളവ്, തൊഴിൽസംരഭങ്ങൾ തുടങ്ങാനുള്ള വായ്പാ പദ്ധതിയൊക്കെ സഹായകാമാകാം എന്ന പ്രതീക്ഷ മാത്രമേ നിലവിലത്തെ സാമൂഹിക സാഹചര്യത്തിൽ ഉയരുന്നുള്ളൂ.

rain, kerala rain, cyclone, ie malayalam

തീരമേഖലയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ പൊതുവിൽ ആവർത്തനങ്ങൾ മാത്രമായി ചുരുങ്ങി എന്ന ആക്ഷേപത്തിന് വഴിയൊരുക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭ പ്രശ്നങ്ങളും പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക, ആരോഗ്യ പ്രതിസന്ധികളും നേരിടുന്നത് കടലോര ജനതയാണ്. അതിനെ അഭിമുഖീകരിക്കുന്നതിൽ ഈ ബജറ്റിന് സാധ്യമായില്ല എന്ന് തന്നെയാണ് കാണേണ്ടത്. മുഖ്യധാര വികസന സങ്കൽപ്പങ്ങളുടെ ഇടനാടൻ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് ചിന്തിക്കാനുള്ള കടലാഴമില്ലാത്ത ബജറ്റ് എന്ന വിമർശനമാകും ഇതിനെതിരെ ഉയരുക. കടലോരത്തെ കുറിച്ച് മാത്രമല്ല, മലയോര മേഖലകൾ, ഗോത്രവർഗമേഖലകൾ എന്നിവ സംബന്ധിച്ചുള്ള കാഴചപ്പാടിലെ കുറവും ഈ പരിമിതിയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ഭൂമി പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായ ഒന്നും ബജറ്റിൽ കണ്ടില്ല. തീരമേഖലയിലും മലനാട്ടിലും ഇടനാട്ടിലും പ്രധാന പ്രശ്നങ്ങളിലൊന്നാണിത്. ലംബമാനമായ വികസന കാഴ്ചപ്പാടിൽ അടിത്തട്ടിലെ പ്രശ്നങ്ങളെ കാണാതെ പോകുന്നു എന്ന വിമർശനത്തിൽ നിന്നും ഈ ബജറ്റിനും മുക്തിനേടാനായില്ല.

കാർഷികമേഖലയിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം ബജറ്റിൽ കാണാനാകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെയും ലോക്ക് ഡൗണിന്റെയും കാലത്ത് കേരളത്തിലെ കാർഷിക ഉൽപ്പാദനം വർദ്ധിച്ചു. എന്നാൽ അത് വിറ്റഴിക്കൽ എന്നത് നടപ്പായില്ല, കേരളത്തിലെ ഉൽപ്പാദനം വർദ്ധിച്ചത് മാത്രമല്ല, കയറ്റുമതിയിൽ ഉൾപ്പടെ വന്ന കുറവ് കേരളത്തിലെ കാർഷികമേഖലയെ ബാധിച്ചു. കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കുമെന്ന പ്രഖ്യാപനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായുള്ള ഫാക്ടറി ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങളിൽ പ്രതീക്ഷപുലർത്താം.

നിലവിലെ പ്രതിസന്ധി നേരിട്ടവർ എങ്ങനെ മുന്നോട്ട് പോകും എന്നതിന് ഒറ്റനോട്ടത്തിൽ ഉത്തരമൊന്നും ഈ ബജറ്റിലും കാണാനായില്ല. നിലനിൽക്കുന്ന സംവിധാനങ്ങളെ ഉടച്ചുവാർക്കുമോ കാർഷികോൽപ്പാദന കാഴ്ചപ്പാട്, കൃഷി ഭൂമി സംബന്ധിച്ച നിലപാട്, നിലവിലെ കാർഷികോൽപ്പാദന വിതരണ, വിപണന രീതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഇതിൽ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല എന്ന വിമർശനം ഇത് സംബന്ധിച്ച് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കാർഷികമേഖലയും തോട്ടം മേഖല കടന്നുപോകുന്ന പ്രതിസന്ധിയെ കുറിച്ച് ബജറ്റ് ശ്രദ്ധിക്കുന്നുണ്ട്. തോട്ടവിളകളുടെ വൈവിധ്യവൽക്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കൽ എന്നിവയെ കുറിച്ച് പഠനം നടത്തി ബന്ധപ്പെട്ട വകുപ്പുകൾ റിപ്പോർട്ട് നൽകുന്നതിന് ബജറ്റിൽ നിർദേശമുണ്ട്. ആറ് മാസത്തിനകം ഈ റിപ്പോർട്ട് നൽകണമെന്നും പറഞ്ഞിട്ടുണ്ട്.

ദേശീയപാത, എം സി റോഡ് തുടങ്ങിയ തിരക്കേറിയ റോഡുകളിലെ ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ശാസ്ത്രീയ പഠനം നടത്താൻ ബജറ്റിൽ തീരുമാനിച്ചു. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സമയലാഭം, ഇന്ധനലാഭം, എന്നിവയ്ക്ക് ഇത് സാധ്യത തുറന്നേക്കാം എന്ന പ്രതീക്ഷ നൽകുന്നതാണ്.
അതിദാരിദ്യ ലഘൂകരണം എന്ന സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിക്ക് ബജറ്റിൽ ഇടമുണ്ട്. ആദ്യഘട്ടമായി പത്ത് കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിലെ ധനസ്ഥിതി സുഖകരമായ ഒന്ന് അല്ലെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നികുതി വർദ്ധനവ് ഒന്നും പ്രഖ്യാപിച്ചില്ല എന്നത് ജനത്തിന് ആശ്വാസകരമാണ്. നികുതി മേഖലയിൽ ആംനസ്റ്റിവഴി കൂടുതൽ തുക പിരിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പുതിയ ധനമന്ത്രിയും വച്ചു പുലർത്തുന്നുണ്ട്. വ്യാപാരികളെയും വ്യവസായികളെയും സമ്മർദ്ദത്തിലാക്കി നികുതി പിരിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും മന്ത്രി പറയുന്നുണ്ട്. കോവിഡ് പ്രതിസന്ധി തരണം ചെയ്താൽ നികുതി- നികുതിയേതര വരുമാന വർദ്ധിനവിനുള്ള മാർഗം സ്വീകരിക്കും. നിലവിൽ ചെലവ് കുറയ്ക്കാനോ നികുതി വർദ്ധിപ്പിക്കാനോ സാധ്യമായ സാഹചര്യം അല്ല. പ്രാദേശിക സർക്കാരുകളുടെ തലത്തിൽ നികുതി- നികുതിയേതര വരുമാന വർദ്ധനവിനുള്ള സാധ്യതകളായിരിക്കും സർക്കാർ പരിഗണിക്കുകക എന്ന സൂചനയാണ് നൽകുന്നത്. അതും കോവിഡ് പ്രതിസന്ധി മറികടന്ന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന സൂചനയും ബജറ്റിൽ നൽകുന്നുണ്ട്. കോവിഡാനന്തരം നികുതി- നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനുള്ള ഗൃഹപാഠം ഇപ്പോൾ തന്നെ സർക്കാർ ആരംഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഈ ബജറ്റിലെ പല കാര്യങ്ങളും ഉടനടി ഫലം കാണുന്ന ഒന്നാകണമെന്നില്ല. എന്നാൽ സമകാല കേരളത്തിനെ കുറിച്ച് പഠിച്ച് വരും കാലത്ത് ഒരുപക്ഷേ കേരളത്തിലെ മുന്നോട്ട് സാധ്യതയുള്ള ചില കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയെടുക്കാൻ വഴിയൊരുക്കുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ, രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കാഴ്ചപ്പാടുകളിലെയും പ്രയോഗത്തിലെയും പരിമിതികൾ അതിനെ എങ്ങനെ ആക്കി തീർക്കും എന്നത് കാത്തിരുന്ന കാണേണ്ടതാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hits and misses kerala budget 2021

Best of Express