തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് പോയ കാറിന്റെ ഉടമ കീഴടങ്ങി. തിരുവനന്തപുരം സ്വദേശിനി ഷൈമ മോളാണ് കന്റോണ്‍മെന്റ് പൊലീസില്‍ കീഴടങ്ങിയത്. ശനിയാഴ്ച്ച ഉച്ചയോടെ ആദ്യം കരമനയില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച കാര്‍ പിന്നീട് വഴുതക്കാട്ടെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിലാണ് അപകടമുണ്ടാക്കിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും ഓട്ടോറിക്ഷയും ഇടിച്ചിട്ടു. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തിനും രാജ്ഭവനും മുന്നിലൂടെയാണ് കാര്‍ കടന്നു പോയത്. ഇതിനിടെ കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇത്രയും അപകടങ്ങള്‍ ഉണ്ടാക്കിയിട്ടും പൊലീസിന് കാര്‍ പിടികൂടാനായിരുന്നില്ല. നിരവധി പട്രോളിംഗ് സംഘങ്ങള്‍ നഗരത്തില്‍ സജീവമായിരുന്ന സമയത്താണ് കാര്‍ രാജ് ഭവന്‍ ഉള്‍പ്പെടെയുള്ള അതീവസുരക്ഷാ മേഖലയിലൂടെ അപകടമുണ്ടാക്കി കടന്നു പോയത്. കാര്‍ കടന്നു പോയ വഴികളിലെല്ലാം നിരവധി ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകളെല്ലാം കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മണിക്കൂറുകളോളം നഗരത്തില്‍ പരിഭ്രാന്തിയുണ്ടാക്കിയ കാറിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ പൊലീസിന് ആശ്രയിക്കേണ്ടി വന്നത് നാട്ടുകാര്‍ കൈമാറിയ മൊബൈല്‍ ദൃശ്യങ്ങളെയാണ്.

കരമനയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. നിര്‍ത്താതെപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനുശേഷമാണ് രണ്ടരയോടെ കാര്‍ വഴുതക്കാട് പോലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിരുന്ന പത്തിലധികം ബൈക്കുകളിലിടിച്ചത്. ഇതിനുശേഷം അതുവഴി കടന്നുപോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോയുടെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

കമ്മിഷണറേറ്റിനു മുന്നില്‍ അപകടമുണ്ടാക്കിയശേഷം കാര്‍ വെള്ളയമ്പലം വഴി പേരൂര്‍ക്കട ഭാഗത്തേക്കാണ് പോയത്. എന്നാല്‍ അപ്പോഴും കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്ന് യുവതി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. അപകടം ഉണ്ടാക്കിയപ്പോള്‍ പ്രായമായ അമ്മയാണ് വാഹനം ഓടിച്ചതെന്നാണ് ഷൈനിമോള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.