കേരള ഭാഗ്യക്കുറി വിൽപ്പന സർക്കാർ തലത്തിൽ ആരംഭിച്ചിട്ട് 55 വർഷമാകുന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ആദ്യ ടിക്കറ്റിന്റ കഥ ഇങ്ങനെയാണ്. രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തുന്നത് 1967ലാണ്. അന്ന് സർക്കാരിന് നികുതി, നികുതിയേതര വരുമാനങ്ങൾ പൊതുവിൽ കുറവായിരുന്നു. നികുതിയേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ആലോചനയുടെ ഫലമായിരുന്നു സർക്കാർ തലത്തിൽ ഭാഗ്യക്കുറി അഥവാ ലോട്ടറി വിൽപ്പന നടത്തുക എന്ന തീരുമാനം. ആദ്യ ലോട്ടറി ടിക്കറ്റും അതിന് പിന്നിലെ കഥയും 55 വർഷം കൊണ്ട് ലോട്ടറി സൃഷ്ടിച്ച സാമ്പത്തിക ചരിത്രവും വളരെ ശ്രദ്ധേയമാണ്.
സോഷ്യലിസ്റ്റ് നേതാവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെയും നേതാവുമായ പി.കെ.കുഞ്ഞായിരുന്നു രണ്ടാം ഇഎംഎസ് മന്ത്രി സഭയിലെ ധനമന്ത്രി. അദ്ദേഹത്തിന്റ കാഴ്ച്ചപ്പാടിന്റെയും ധൈര്യത്തിന്റെയും പിൻബലത്തിലാണ് 1967ൽ ആദ്യ ലോട്ടറി ടിക്കറ്റ് സർക്കാർ പുറത്തിറക്കുന്നത്. കമ്മ്യൂണിസ്റ്റ് സർക്കാർ ലോട്ടറി ഇറക്കുന്നത് സംബന്ധിച്ച് വിമർശനങ്ങൾ പലതും ഉയർന്നുവെങ്കിലും ആ പദ്ധതി നടപ്പാക്കുകയായിരുന്നു.
ലോട്ടറി അച്ചടി, വിതരണം വിൽപ്പന, സമ്മാന വിതരണം എന്നിവയ്ക്കൊക്കെ മുൻകൈ എടുക്കാൻ ലോട്ടറി ഡയറക്ടറേറ്റ് രൂപീകരിച്ചതും ആദ്യ ടിക്കറ്റ് പുറത്തിറക്കിയതും 1967ലായിരുന്നു.

1967 സെപ്റ്റംബറിലാണ് കേരളത്തിൽ ലോട്ടറി ഡയറ്ക്ടറേറ്റ് രൂപീകരിച്ചത്. സെപ്റ്റംബർ ഒന്നാം തീയതി ഡയറക്ടറേറ്റ് പ്രവർത്തനം ആരംഭിച്ചു. അതേ വർഷം തന്നെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംസ്ഥാന സർക്കാർ ആദ്യ ഭാഗ്യക്കുറി ടിക്കറ്റ് റിലീസ് ചെയ്തു. ഒരു രൂപ മുഖവിലയുള്ളതും അരലക്ഷം രൂപ അഥവ അമ്പതിനായിരം രൂപ ഒന്നാം സമ്മാനമായും പ്രഖ്യാപിച്ചായിരുന്നു ആദ്യ ലോട്ടറി പുറത്തിറങ്ങിയത്. ഇതിന് പുറമെ 93 ക്യാഷ് പ്രൈസുകളും ഉണ്ടായിരുന്നു. അത് ലോട്ടറിയിൽ തന്നെ അച്ചടച്ചിട്ടുണ്ടായിരുന്നു.
ലോട്ടറി പുറത്തിറങ്ങി രണ്ട് മാസങ്ങൾക്ക് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. 1968 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു കേരള സർക്കാർ പുറത്തിറക്കിയ ആദ്യ ലോട്ടറിയുടെ നറുക്കെടുപ്പ്. ആദ്യ ലോട്ടറിയുടെ മധ്യഭാഗത്ത് ആതുരശുശ്രൂഷ രംഗവുമായി ബന്ധപ്പെട്ട് സർജറി ടേബിളിലെ ചിത്രവുമാണ് നൽകിയിരുന്നത്.
ലോട്ടറി ടിക്കറ്റ് വിൽപ്പന ഇന്നത്തെ പോലെ നറുക്കെടുപ്പ് ദിനം വരെ ഉണ്ടായിരുന്നില്ല. 16 ദിവസം മുമ്പ്, 1968 ജനുവരി പത്തിന് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചു. ലോട്ടറി വിൽപ്പന 10-01-1968 ന് അവസാനിപ്പിക്കും എന്ന് ടിക്കറ്റിൽ തന്നെ അറിയിപ്പും നൽകിയിട്ടുണ്ടായിരന്നു. ‘ക്ലോസിങ് ഡേറ്റ്’ എന്ന് എഴുതി ഈ തീയതി അച്ചടിച്ചിട്ടുണ്ടായിരുന്നു.
1968 ജൂലൈ ആയപ്പോൾ ടിക്കറ്റിലെ ഭാഗ്യ നിരക്ക് കൂടി. അൻപതിനായിരം രൂപ എന്നത് എഴുപത്തിയ്യായിരം രൂപയാക്കി ഒന്നാം സമ്മാനത്തുക ഉയർത്തി. ലോട്ടറിയുടെ ഒന്നാം പിറന്നാൾ ദിനമായ 1968 നവംബർ ഒന്നിന് വീണ്ടും സമ്മാനത്തുക വർദ്ധിപ്പിച്ചു, സമ്മാനത്തുക ഒരു ലക്ഷമാക്കി. !970ലാക്കിയപ്പോൾ ലോട്ടറി സിനിമാ പാട്ടുമായി. ‘ലോട്ടറി ടിക്കറ്റ്’ എന്ന പേരിലിറങ്ങിയ സിനിമയിൽ ‘ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും’ എന്ന ഗാനം ഹിറ്റായി. ശ്രീകുമാരൻ തമ്പി രചിച്ച്, വി.ദക്ഷിണാമൂർത്തി സംഗീത സംവിധാനം ചെയ്ത് അടൂർഭാസി പാടി അഭിനയിച്ച ഈ പാട്ട് ഏതാണ്ട് 1980കളുടെ അവസാനം വരെ ലോട്ടറി വിൽപ്പനക്കാരുടെ പ്രചാരണ പാട്ടായിരുന്നു.
അന്ന് ആകെ ലഭിച്ച വരുമാനം ഇരുപത് ലക്ഷം രൂപയായിരുന്നു. അതിൽ പതിനാല് ലക്ഷം ലാഭവും. ഇന്ന് ലക്ഷങ്ങളുടെ കണക്കുകൾ കടന്ന് കോടികളുടെ ലാഭം കൊയ്യുന്നതായി മാറിയിരിക്കുന്നു സർക്കാരിന്റെ ഈ സ്വപ്‌ന വിൽപന. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ രണ്ട് തവണ മാത്രമാണ് ലോട്ടറിയുടെ വിൽപ്പനയും വരുമാനവും കുറഞ്ഞത്. 2020-20201ലും 2010-2011 ലുമാണ് വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയ രണ്ട് വർഷങ്ങൾ.
2016ൽ 90 ലക്ഷമായിരുന്ന പ്രതിദിന ലോട്ടറി വിൽപന 2019-20 ൽ 1.02 കോടിയായി ഉയർന്നു. ഇതിലൂടെ വരുമാനം 2015-16 ലെ 6,317.71 കോടിയിൽ നിന്നും 2019-20ൽ 9,972.09 കോടി രൂപയായി വർദ്ധിച്ചു എന്നും സർക്കാർ കണക്കുകൾ പറയുന്നു. 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 8516 കോടി രൂപയുടെ വിറ്റുവരവാണ് സംസ്ഥാന ഭാഗ്യക്കുറി വഴി ഉണ്ടായത്. ഇതിൽ 1277 കോടി രൂപ ലാഭമാണ്. എസ് ജി എസ് ടി വരുമാന ഇനത്തിൽ ഈ കാലയളവിൽ 511 കോടിരൂപയാണ് ലഭിച്ചതെന്ന് നിയമസഭാ രേഖകൾ പറയുന്നു. കോവിഡ് വ്യാപനം ശക്തമാകുന്നതിനും ലോക്ക് ഡൗൺ വരുന്നതിനും തൊട്ടുമുമ്പ് വരെയുള്ള കണക്കാണിത്.
2017 മുതൽ 2021 വരെ ലോട്ടറിയിൽ നിന്നും സംസ്ഥാന സർക്കാരിന് ലഭിച്ച ലാഭം 5603 കോടി രൂപയാണ്. 2017 മുതൽ 2020 വരെയുള്ള നാല് വർഷത്തെ കണക്ക് പരിശോധിച്ചാൽ പ്രതിവർഷം ശരാശരി 1700 കോടി രൂപ വീതം ലോട്ടറി വിൽപ്പനയിനത്തിൽ സർക്കാരിന് ലാഭമുണ്ടായതായി കാണാം. എന്നാൽ, 2020-21-ൽ ലാഭം 472 കോടി രൂപയായി കുറഞ്ഞു. 2020 ജനുവരി മുതൽ കോവിഡ് ഭീതി പടർന്നതും മാർച്ച് മുതൽ ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണും കോവിഡ് വ്യാപനവുമൊക്കെ ഇതിന് കാരണമായി. കോവിഡ് കാരണം ലോട്ടറി വിൽപ്പനയക്ക് നേരിട്ട തടസം ഇതിലെ പ്രധാന ഘടകമായി.
2008-09 ലാണ് ലോട്ടറി ടിക്കറ്റിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ ലാഭം മൂന്നക്കം കടക്കുന്നത്. അന്നു മുതൽ ഇന്നുവരെയുള്ള വർഷങ്ങളിൽ ആകെ ഒരു തവണ മാത്രമാണ് ലാഭം രണ്ടക്കത്തിലേയ്ക്കു തിരികെ പോയത്. അത് 2010-11 ലാണ്. മുൻ വർഷത്തിൽ (2009-10) നേടിയ 114 കോടിയുടെ ലാഭത്തിൽ നിന്നും 92 കോടിയായി ലാഭത്തിൽ കുറവുണ്ടായി. ലോട്ടറി നിരോധനം സംബന്ധിച്ചുണ്ടായ വിധിയുമായി ബന്ധപ്പെട്ടാണ് ഈ കുറവുണ്ടായത്. എന്നാൽ തൊട്ടടുത്ത വർഷം വൻ കുതിച്ചു കയറ്റമാണ് ലോട്ടറി ടിക്കറ്റ് വിൽപനയിൽ ഉണ്ടായത്. 92കോടി രൂപയിൽ 324 കോടി രൂപയായി ഉയർന്നു. ലോട്ടറി വഴിയുള്ള റവന്യൂ വരവ് 1967-ൽ വെറും 20 ലക്ഷമായിരുന്നുവെങ്കിൽ ഇന്നത് കോടികളുടേതായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഭാഗ്യക്കുറി ഇറക്കി മലയാളികൾക്ക് ഭാഗ്യ സ്വപ്നവും ഭാഗ്യവുമൊക്കെ നൽകാൻ തയ്യറായ ധനമന്ത്രി പി.കെ.കുഞ്ഞിനെ പക്ഷേ ഭാഗ്യം തുണച്ചില്ല. 1967 ൽ രണ്ടാമതും എംഎൽഎയായ അദ്ദേഹം രണ്ടാം ഇഎംഎസ് സർക്കാരിൽ ധന മന്ത്രിയായി. എന്നാൽ, കാലാവധി പൂർത്തിയാക്കാനുള്ള ഭാഗ്യം ആ സർക്കാരിനോ ധനമന്ത്രിക്കോ ഉണ്ടായില്ല. 1967 മാർച്ചിൽ ധനമന്ത്രിയായി അധികാരമേറ്റ പി.കെ.കുഞ്ഞിന് 1969 മാർച്ചിൽ രാജിവെക്കേണ്ടി വന്നു.