കൊച്ചി : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സു തികയവേ ഗാന്ധിജിയുടെ മരണം സംബന്ധിച്ച ചരിത്രരേഖകള്‍ ആര്‍ക്കൈവ്‌സ് വകുപ്പിന് കൈമാറി. 1948 ജനുവരി 30ന് കൊച്ചി രാജ്യം പുറത്തിറക്കിയ രണ്ട് അസാധാരണ വിജ്ഞാപനങ്ങളാണ് സബ്കളക്ടര്‍ ഇമ്പശേഖര്‍ ആര്‍ക്കൈവ്‌സ് വകുപ്പിന് കൈമാറിയത്. കൊച്ചി താലൂക്കില്‍ നടന്ന ചടങ്ങിലായിരുന്നു കൈമാറ്റം.

1948 ജനുവരി 30ന് കൊച്ചി രാജ്യം പുറത്തിറക്കിയ രണ്ട് അസാധാരണ വിജ്ഞാപനങ്ങള്‍

ഗാന്ധിജിയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചുകൊണ്ട് കൊച്ചിരാജ്യത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന
ടി കെ നായര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനും ഇതിലുള്‍പ്പെടും. 107ാം നമ്പര്‍ വിജ്ഞാപനത്തില്‍ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കോടതിയും മൂന്നു ദിവസത്തിന് അവധിയായിരിക്കുമെന്നും പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അറിയിക്കുന്നുണ്ട്. പിറ്റേന്ന് യോഗങ്ങളും ജാഥകളും പാടില്ലെന്നും മൗനപ്രാര്‍ത്ഥനയില്‍ മഹാത്മാവിന് ആദരാഞ്ജലി അര്‍പ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കൊച്ചി രാജ്യത്തെ ചീഫ് സെക്രട്ടറി എ മാധവപ്രഭു പുറത്തിറക്കിയ 108 ാം നമ്പര്‍ വിജ്ഞാപനം ഫെബ്രുവരി 2ന് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതാണ്.

1948 ജനുവരി 30ന് കൊച്ചി രാജ്യം പുറത്തിറക്കിയ രണ്ട് അസാധാരണ വിജ്ഞാപനങ്ങള്‍

അസാധാരണവിജ്ഞാപനത്തിന്റെ പകര്‍പ്പ് ഫോര്‍ട്ടുകൊച്ചി താലൂക്ക് ഓഫീസില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. റെക്കോര്‍ഡ് നവീകരണത്തിന്റെ ഭാഗമായി താലൂക്ക് ഓഫീസിലെ പഴയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ചരിത്ര പ്രാധാന്യമുള്ള ഈ വിജ്ഞാപനങ്ങള്‍ കണ്ടെത്തിയത്.

ആര്‍ക്കൈവ്‌സ് വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് സജീവനാണ് രേഖകള്‍ ഏറ്റുവാങ്ങിയത്. തഹസില്‍ദാല്‍ കെ വി അംബ്രോസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കെ എക്‌സ് ജോസഫ്, ഭൂരേഖ തഹസില്‍ദാര്‍ വി എ മുഹമ്മദ് സാബിര്‍, റവന്യു റിക്കവറി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ കെ രാജന്‍, വി ആര്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.