കൊച്ചി: ലക്ഷദ്വീപിലേക്കുളള വിവിധ സേവനങ്ങൾക്കായി ദക്ഷിണ നാവിക സേന ഒരു കപ്പൽ വാടകയ്ക്ക് എടുത്തു. ചരക്ക് ഗതാഗതത്തിനും, തിരക്കേറിയ സമയങ്ങളിൽ യാത്രക്കും, അടിയന്തിര ദുരന്ത നിവാരണ സേവനങ്ങൾക്കും ഈ കപ്പലിലൂടെ നേട്ടമുണ്ടാക്കാനാവും.
ലക്ഷദ്വീപിലേക്കുളള ഗതാഗതം കൂടുതൽ ശക്തമാക്കുന്നതിന് ഇതിലൂടെ സഹാകരമാകും. ട്രൈടൺ മാരിടൈം പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് വിവിധോദ്ദേശ്യ കപ്പലായ എംവി ട്രൈടൺ ലിബേർട്ടി വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ഒരു വർഷത്തേക്കുളള കരാർ ഇന്നലെ ദക്ഷിണ നാവികസേന വിഎസ്എം ചീഫ് സ്റ്റാഫ് ഓഫീസർ (ഓപ്പറേഷൻ), കമഡോർ ദീപക് കുമാറും, ട്രൈടൺ മാരിടൈം കമ്പനി ഡയറക്ടർ ചേതൻ പരേഖും തമ്മിൽ ഒപ്പുവച്ചു.
ഓൺലൈനായി ക്ഷണിച്ച ടെണ്ടറിലൂടെയാണ് കരാറിന്റെ നടപടികൾ പൂർത്തീകരിച്ചത്. ദ്വീപിലെ നാവികസേനയുടെ ആവശ്യത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ കരാറെന്ന് ദക്ഷിണ നാവിക സേനാ വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ പറഞ്ഞു.
മൺസൂൺ കാലത്ത്, യാത്രാ കപ്പലുകൾ സർവ്വീസ് നടത്താതിരിക്കുന്ന ഘട്ടങ്ങളിൽ ഈ കപ്പൽ ദ്വീപ് നിവാസികൾക്ക് ഏറെ ആശ്വാസകരമാകും. ഇതിന് പുറമെ അവധിക്കാലങ്ങളിൽ തിരക്ക് കുറയ്ക്കാനും ഈ കപ്പൽ യാത്രാക്കപ്പലായി സർവ്വീസ് നടത്തും. കപ്പലിൽ അത്യാധുനിക അഗ്നിശമന സംവിധാനങ്ങളുണ്ട്. കടലിൽ ഏത് തരത്തിലുളള ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും കപ്പൽ ഉപയോഗിക്കാനാവും. ഈ കപ്പൽ പ്രവർത്തനം തുടങ്ങുന്നതോടെ ചരക്ക് ഗതാഗതത്തിന് മറ്റും ഉപയോഗിച്ചിരുന്ന നാവിക സേനാ കപ്പൽ പ്രത്യേക സേവനത്തിൽ കേന്ദ്രീകരിക്കും.