കൊച്ചി: ഹിന്ദുസ്ഥാൻ ലിവറിന്റെ കൈവശമുള്ള കോടികൾ വിലമതിക്കുന്ന മിച്ച ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി ഹൈക്കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസ്ഥാൻ യൂണിലിവർ കൊച്ചി യൂണിറ്റ് മാനേജർ ഡി.ബാലമുരുകൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി.വി.അനിൽ കുമാറിന്റെ ഇടക്കാല ഉത്തരവ്.
ഹൈക്കോടതിക്ക് സമീപം എറണാകുളം വില്ലേജിൽ ടാറ്റാപുരത്തെ 45 ഏക്കറും ആലപ്പുഴ കോമളപുരം വില്ലേജിലെ 8.16 ഏക്കറും അടക്കം 53.21 ഏക്കർ മിച്ചഭൂമിയാണ് താലൂക്ക് ലാന്റ് ബോർഡ് ഏറ്റെടുത്തത്. സർക്കാർ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് കമ്പനിയുടെ ഹർജിയിലെ ആരോപണം. ഹൈക്കോടതിയുടെ തന്നെ ഉത്തരവുകൾ പ്രകാരം ഇളവ് ലഭിച്ച ഭൂമി ഏറ്റെടുത്തത് ഭുപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും കമ്പനിയെ അറിയിക്കാതെയുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.
Read More: കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ആഗോളതലത്തിൽ ഉപയോഗിക്കാം
വ്യവസായിക ആവശ്യത്തിന് സർക്കാർ ടാറ്റ കമ്പനിക്ക് അനുവദിച്ച ഭൂമിയിൽ പാർപ്പിട സമുച്ചയം നിർമ്മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് ലാന്റ് ബോർഡ് ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്. പാർപ്പിട സമുച്ചയം ടാറ്റാ ഗ്രീൻ ഏക്കേഴ്സ് ഉൾപ്പെടെയാണ് ഏറ്റെടുത്തത്. ടാറ്റ കമ്പനി ഹിന്ദുസ്ഥാൻ ലിവർ ഏറ്റെടുത്തതിന് ശേഷമാണ് ഭൂമി വിറ്റത്. കരാർ ലംഘനം നടന്നതിനെ തുടർന്ന് സർക്കാർ നടപടി ആരംഭിച്ചപ്പോൾ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഭൂപരിഷ്കരണ നിയമപ്രകാരം നിയമാനുസൃത നടപടി സ്വീകരിക്കാൻ 2005 ൽ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഏറ്റെടുക്കൽ. കമ്പനിക്ക് നോട്ടീസ് നൽകി തെളിവെടുത്താണ് ഭൂമി ഏറ്റെടുത്തത്.