തൃശൂര്‍: ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹൈന്ദവര്‍ കുറഞ്ഞുവരികയാണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. കേരളത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ബാലഗോകുലം 44-ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
2017 ലെ കണക്കനുസരിച്ച് ഹിന്ദുക്കള്‍ വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഹിന്ദുക്കളെ എത്തിക്കേണ്ടി വരും. ഹൈന്ദവരുടെ ഓര്മയിലേക്കാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹിന്ദുക്കള്‍ കുറയുകയാണെന്ന് നേരത്തെ പ്രസ്താവന നടത്തിയപ്പോള്‍ തനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തവണയും കേസെടുക്കുമോ എന്ന് അറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
Read Also: ‘കേരളത്തിൽ ജനിക്കുന്ന നൂറിൽ 42 കുട്ടികളും മുസ്ലിങ്ങൾ’ വർഗീയ പരാമർശങ്ങളുമായി ടിപി സെൻകുമാർ
ഹിന്ദു സ്വയം കരുത്ത് നേടണം. ഹൈന്ദവ സമൂഹത്തെ മറ്റ് മതസ്ഥര്‍ ആക്രമിക്കുകയാണ് ഇപ്പോള്‍. ഹിന്ദുക്കള്‍ ഭീരുത്വം വെടിയുകയാണ് വേണ്ടത്. ഭയരഹിതരായി മറ്റ് മതസ്ഥരോട് സംസാരിക്കാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികള്‍ ഇടംപിടിച്ച പി.എസ്.സിയുടെ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. പി.എസ്.സിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. റാങ്ക പട്ടികയില്‍ പ്രതികള്‍ ഇടം നേടിയത് ഏതെങ്കിലും സഹായം ലഭിച്ചതുകൊണ്ടാണോയെന്ന് പരിശോധിക്കണം. ഉരുട്ടിക്കൊലയില്‍ നിന്ന് കുത്തികൊലയിലേക്ക് മാറാനാണോ ഇവരെ പൊലീസിലേക്ക് കൊണ്ടുവരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുമെന്നും സെൻകുമാർ കൂട്ടിച്ചേര്‍ത്തു.