തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള വിവരം തേടി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. നവംബര്‍ ഏഴിനാണ് നിയമസഭയില്‍ രാജഗോപാല്‍ ഈ ചോദ്യം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനോടായിരുന്നു ബിജെപി എംഎല്‍എയുടെ ചോദ്യം.
സ്വകാര്യ മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട മാനേജ്മെന്റുകൾ നടത്തുന്നവ എത്ര? ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ? സംസ്ഥാനത്തെ എയ്ഡഡ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ നടത്തുന്നത് എത്ര? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഒ.രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ ചോദിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജഗോപാല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി സി.രവീന്ദ്രനാഥ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
Read Also: മതം മയക്കുമരുന്നാണെന്ന മാര്‍ക്സിയന്‍ നയമാണ് ഇടതു സര്‍ക്കാരിനെന്ന് ഒ രാജഗോപാല്‍
സമാന രീതിയിലുള്ള ചോദ്യം നേരത്തെയും രാജഗോപാൽ ചോദിച്ചിട്ടുണ്ട്. ബിപിഎൽ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്കുകളാണ് രാജഗോപാൽ നേരത്തെ ചോദിച്ചത്. ബിപിഎൽ കണക്ക് ആവശ്യപ്പെട്ടുള്ള നിയമസഭാ ചോദ്യത്തിന് വിവരം ശേഖരിച്ചിട്ടില്ല എന്ന മറുപടിയാണ് രാജഗോപാലിന് ലഭിച്ചത്. “ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയിലുണ്ട്? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളുടെ എണ്ണമെത്ര? ഓരോ വിഭാഗവും എത്ര ശതമാനം വീതമുണ്ടെന്ന് വ്യക്തമാക്കാമോ?” എന്നതായിരുന്നു രാജഗോപാൽ ഉന്നയിച്ച ചോദ്യം. മന്ത്രി പി.തിലോത്തമനാണ് ഇതിന് മറുപടി നൽകിയത്. സെപ്റ്റംബർ 29 വരെ 39,6071 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മത വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കണക്ക് ശേഖരിച്ചിട്ടില്ലെന്നും മന്ത്രി മറുപടി നൽകി.