തിരുവനന്തപുരം: ഹിന്ദുമഹാസഭ നേതാക്കൾ നടൻ കമൽഹാസനെതിരെ മുഴക്കിയ കൊലവിളി പ്രസംഗത്തെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രസംഗം നടത്തിയവരെ അറസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മീററ്റിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാക്കൾ കമൽഹാസനെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടത്.

കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വർഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. “കമൽ ഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകണം. ജനാധിപത്യ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ല.” അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.

“മഹാത്മജിക്കും ഗോവിന്ദ് പൻസാരെ, ധാബോൽക്കർ, കലബുർഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയർത്തി ജനങ്ങൾ അണിനിരക്കുന്ന മുന്നേറ്റമാണ് ഈ കുടില ശക്തികൾക്കെതിരെ രാജ്യത്താകെ ഉയരേണ്ടത്”, അദ്ദേഹം പറഞ്ഞു.

“വർഗീയ വിഭാഗീയ അജണ്ടയുമായി ജനങ്ങളെ വിഭജിക്കാനും സാമൂഹിക ജീവിതം കലുഷമാക്കാനും അശാന്തി വിതയ്ക്കാനും മുതിരുന്ന ഒരു ശക്തിയെയും അംഗീകരിക്കാനാവില്ല. കമൽ ഹാസനെതിരായ ഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളി തന്നെയാണ്. ശക്തമായി പ്രതിഷേധിക്കുന്നു” പിണറായി വിജയൻ പറഞ്ഞു.

“കമലിനെപ്പോലെയുള്ള ഒരു ശ്രേഷ്ഠകലാകാരനെതിരെ ഇത്തരം കൊലവിളികൾ മുഴങ്ങുന്നുണ്ടെങ്കിൽ ഒരു ശരാശരി ഇന്ത്യക്കാരന്റെ അവസ്ഥയെന്താകും?”, എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ചോദിച്ചു.

“നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കെതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയേയും ചെറുത്തു തോൽപ്പിക്കണമെന്നാണ് കമൽ പറഞ്ഞത്. ഭീകരതക്ക്  പ്രത്യേകിച്ചൊരു ജാതിയോ മതമോ ഇല്ല, അത് സർവ്വ വ്യാപിയാണെന്നും ആർക്കാണറിയാത്തത്. ഒട്ടേറെ സാമൂഹ്യ-നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വിളനിലമായിരുന്ന തമിഴ്നാടിന്റെ മണ്ണിൽപ്പോലും ഹിന്ദുത്വ തീവ്രവാദം തലപൊക്കുന്നു എന്ന് കമൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിൽ അത് അർത്ഥ സമ്പൂർണ്ണമായ ജാഗ്രതപ്പെടുത്തലാണ്”, ബേബി ചൂണ്ടിക്കാട്ടി.

“വർഗീയ കോമരങ്ങളുടെ പേ പിടിച്ച ജൽപ്പനങ്ങൾക്കും ആക്രോശങ്ങൾക്കും കമൽ എന്ന ധീരനെ ഭയപ്പെടുത്താൻ കഴിയില്ല”, അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook