തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറക്കുന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.

ഭക്തർ ക്ഷേത്രദർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട സംഘടന, ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു. ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു ഭക്തർ ക്ഷേത്രദർശനത്തിൽ നിന്നും പരമാവധി വിട്ടു നിൽക്കണമെന്നും ആവശ്യപ്പെട്ടു.

Read Also: ആരാധനാലയങ്ങള്‍ തുറക്കുന്ന തീരുമാനം കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്: മുഖ്യമന്ത്രി

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് അടക്കമുള്ള ഇളവുകള്‍ ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനം ആ വഴി പിന്തുടര്‍ന്നത്. കേന്ദ്രവും സംസ്ഥാനവും ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ നടപ്പിലാക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ നാളെ മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിച്ചതായും ക്ഷേത്രം അധികാരികള്‍ അറിയിച്ചു.

എന്‍എസ്എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എന്‍എസ്എസ് കരയോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം.

Read More: വെെറസ് ഉടൻ ഒഴിഞ്ഞുപോകില്ല, സൂക്ഷിച്ചാൽ മരണനിരക്ക് കുറയ്‌ക്കാം: ആരോഗ്യമന്ത്രി

വിഎച്ച്പിയും തങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും നാളെ മുതല്‍ തുറന്നുകൊടുക്കില്ല. ഈ ക്ഷേത്രങ്ങളില്‍ നിലവിലെ വിലക്ക് തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ തന്ത്രിസമാജവും രംഗത്തുവന്നിരുന്നു. ഈ മാസം 30 വരെ തിരുമല ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കൊച്ചി തിരുമല ദേവസ്വം ബോര്‍ഡും അറിയിച്ചു.

Read Also: ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കേന്ദ്ര സര്‍ക്കാരിന്റേ നിര്‍ദ്ദേശങ്ങള്‍

ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയെന്ന് ബിജെപി ആരോപിച്ചു. തബ്‌ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹിഡന്‍ അജണ്ട സര്‍ക്കാര്‍ ഉത്തരവിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ നാളെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിശ്വാസികളുടെ എതിർപ്പും ആശങ്കയും പരിഗണിച്ച് നേരത്തെ ക്രൈസ്തവ സഭകളും വിവിധ മുസ്‌ലിം മതവിഭാഗങ്ങളും തങ്ങൾക്ക് കീഴിലുള്ള ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

സാമൂതിരി രാജയുടെ ട്രസ്റ്റീഷിപ്പിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം തുടരും

ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചുവെങ്കിലും സാമൂതിരിരാജയുടെ ട്രസ്റ്റീഷിപ്പിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം തുടരുമെന്ന് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ അറിയിച്ചു.

കോഴിക്കോട് തളി ക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം, ആലത്തിയൂര്‍ പെരുതൃക്കോവില്‍, തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രം, നെറുംങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം, മേക്കോട്ടെ ഭഗവതി ക്ഷേത്രം, പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം, കൊടിക്കുന്ന് ദേവി ക്ഷേത്രം, പനമണ്ണ ശങ്കരനാരായണ സ്വാമി ക്ഷേത്രം, തൃത്താല ശിവക്ഷേത്രം, അഴകൊത്ത് ശിവക്ഷേത്രം, തൃക്കാവ് ദേവീ ക്ഷേത്രം, പുത്തൂര്‍ ദേവി ക്ഷേത്രം, വരക്കല്‍ ദേവീ ക്ഷേത്രം, പന്തല്ലൂര്‍ ദേവീ ക്ഷേത്രം, തൃക്കുളം ശിവക്ഷേത്രം, തളിക്കുന്ന് ശിവ ക്ഷേത്രം, കേരളാധീശ്വരപുരം ക്ഷേത്രം, തിരുമണിക്കര ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കലങ്ങോട് മേലേടം ശിവക്ഷേത്രം തുടങ്ങി 48 ക്ഷേത്രങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തരെ പ്രവേശിപ്പിക്കുയില്ല.

Read Also: ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് മരിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതിനാലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് ക്ഷേത്ര പ്രവേശനം നടപ്പിലാക്കുന്നതിന് പ്രയാസകരമായതിനാലും തീരുമാനം. അതേസമയം, ക്ഷേത്രങ്ങളില്‍ ദിവസവുമുള്ള ചടങ്ങുകള്‍ മുടക്കമില്ലാതെ നടക്കും. ഓണ്‍ലൈന്‍ വഴിപാട് കൂടുതല്‍ ക്ഷേത്രങ്ങളില്‍ നടപ്പിലാക്കും. അതേസമയം, തിരുനാവായ നവാ മുകുന്ദ ക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ പുനരാരംഭിക്കും. ഭക്തരുടെ ആവശ്യം പരിഗണിച്ചാണിതെന്ന് സാമൂതിരി രാജ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.