തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഡീസല്‍ വിലവര്‍ധനവും സ്പെയര്‍ പാര്‍ട്സുകളുടെ കാലോചിതമായ വര്‍ധനവും കണക്കിലെടുത്താണ് മാര്‍ച്ച് ഒന്നുമുതല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ന് മുതല്‍ ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാവും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10നിന്ന് 11 ആകും. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ് എന്നിവയുടെ മിനിമം നിരക്കില്‍ രണ്ട് രൂപയുടെ വര്‍ധനയുണ്ട്.

ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കിലും പിന്നീട് ജന്‍‍റം ബസുകള്‍ക്കും വര്‍ധന ബാധകമാക്കി. ഇതനുസരിച്ച് ജന്‍‍റം ലോ ഫ്ലോര്‍ നോണ്‍ എ സിയിലെ മിനിമം ചാര്‍ജ് 8 ല്‍ നിന്ന് 10 ആകും. എസി ലോ ഫ്ലോറിന്റെ മിനിമം നിരക്ക് 15 ല്‍ നിന്ന് 20 ആയി വര്‍ധിക്കും. സെസ് കൂടി ചേര്‍ത്താല്‍ 21 രൂപ. മള്‍ട്ടി ആക്സില്‍ സ്കാനിയ, വോള്‍വോ ബസുകളില്‍ മിനിമം 80 രൂപ നല്‍കണം.

വിദ്യാര്‍ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയായി തുടരും. വിദ്യാര്‍ഥികളുടെ ആദ്യ മൂന്ന് യാത്രാ സ്റ്റേജുകളിലും വര്‍ധനവില്ല. മുന്‍പ് രണ്ട് രൂപ ഈടാക്കിയിരുന്ന നാല്, അഞ്ച് സ്റ്റേജുകള്‍ക്ക് നിരക്ക് മൂന്നു രൂപയാക്കി ഉയര്‍ത്തി. മറ്റ് യാത്രക്കാര്‍ക്ക് ഈ സ്റ്റേജുകളില്‍ 12 രൂപ, 13 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ദീര്‍ഘ ദൂര യാത്രികരായ വിദ്യാര്‍ഥികളെയാണ് നിരക്കു വര്‍ധന ബാധിക്കുക. നേരത്തെ 3.50 രൂപയായിരുന്ന പത്താം സ്റ്റേജില്‍ നിരക്ക് 7 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 22 രൂപയാണ് ഈ സ്റ്റേജില്‍ പൊതുയാത്രാ നിരക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ