തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് എന്ന പേരിൽ അറിയപ്പെടുന്ന ബണ്ടി ചോർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു .തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഇന്ന് ഉച്ചക്ക് 1.45 ന് ആണ് സംഭവം. ഉച്ചയൂണിനായി പുറത്ത് ഇറക്കിയ സമയത്ത് സിഎഫ്എല്‍ ബൾബിന്റ കഷ്ണം വിഴുങ്ങുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

ബള്‍ബിന്റെ അവശിഷ്ടം കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്. ആത്മഹത്യ ശ്രമത്തിന് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

2013 ജനവരി 21 ന് വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടി ചോര്‍ പിടിയിലായത്. കേസില്‍ ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ്ങിന് പത്ത് വര്‍ഷം കഠിന തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. കേസില്‍ വിചാരണ നടക്കുന്നതിനിടെ മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയക്കുകയായിരുന്നു.

മുന്നൂറോളം കവര്‍ച്ചാക്കേസുകളിലെ പ്രതിയുമാണ് ബണ്ടിചോർ. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇയാള്‍ നിരവധി മോഷണം നടത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളാണ് ഇയാള്‍ പ്രധാനമായും മോഷ്ടിച്ചിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ