കൊച്ചി: സംസ്ഥാന ബജറ്റിലെ പ്രധാന വിവരങ്ങൾ പുറത്തായത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എറണാകുളം പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
എഡിബി യുടെ മറ്റൊരു പതിപ്പാണ് കിഫ്ബി. നിലവിലെ നോട്ട് പ്രതിസന്ധിയെ മറികടന്ന് നമ്മുടെ സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുകയാണ് വേണ്ടത്. എന്നാൽ സംസ്ഥാന ബജറ്റ് അത്തരത്തിലേക്ക് ഉയർന്നിട്ടില്ല. കഴിഞ്ഞ സർക്കാരിൽ നിന്നും കൂടുതലായി ഒന്നും തന്നെ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലില്ല. കേരളത്തിന്‌റെ കടബാധ്യത കൂടും. കടം മാത്രം ആശ്രയിച്ചുള്ള ബഡ്ജറ്റായി ഇത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് ചോർന്നാലും ബുക്ക് ആരും കട്ടിട്ടില്ല എന്ന നടപടിയാണ് ധനമന്ത്രിയുടേത്. ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ച ശേഷം മാത്രമേ ഇത് പുറം ലോകത്തെത്താൻ പാടുള്ളൂ. ഏതായാലും അന്വേഷണം വരട്ടേയെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മതേതര കൂട്ടായ്മയുടെ പരാജയം മൂലമാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത. ഇനി ഇതുണ്ടാകാതിരിക്കാന്‍ ദേശിയ തലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മയുണ്ടാകും. കൂട്ടായ്മയില്‍ ഇടതുപക്ഷത്തിനും സ്ഥാനമുണ്ടാകും. സംസ്ഥാനങ്ങളില്‍ അതത് സാഹചര്യത്തിനനുസരിച്ചും കൂട്ടായ്മകള്‍ രൂപപ്പെടും. അതിനുദാഹരണമാണ് ബംഗാളില്‍ കണ്ടത്. അവിടെ കോണ്‍ഗ്രസ് ഇടത് കൂട്ടായാമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്കിപ്പുറം രാജ്യത്ത് വീണ്ടും വന്നിരിക്കുന്നത്. ആവശ്യമുള്ള ഘട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. ജനങ്ങളുടെ അഖണ്ഡഭാരതം എന്ന തത്വത്തിന് തന്നെ ഹനിക്കുന്നതാണിത്.
സാന്പത്തികമായി ഇന്ത്യയ്ക്ക് വളരെയേറെ പ്രശ്നങ്ങളുണ്ട്. നോട്ട് നിരോധനം ഇത് കൂടുതൽ രൂക്ഷമാക്കി. രാജ്യത്തിന് അടികിട്ടിയതായി മാത്രമാണ് ഇതിനെ കാണാനാവുക.
മലപ്പുറം സീറ്റിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർടി തീരുമാനിക്കും. ഇതേ കുറിച്ച് ഇന്നേ വരെ ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനാണ് മതേതര ചായ്‌വുള്ളത്. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന സാഹചര്യമാണ്. ബിജെപി ക്കെതിരായി മറ്റ് പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.