തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ. ക്യാമ്പ് ഫോളോവർമാരാണ് ഡിജിപി ലോക്‌നാഥ് ബെഹ്റയെ സമീപിച്ചത്. എസ്എപി ഡപ്യൂട്ടി കമ്മാന്റന്റ് പിവി രാജുവിന്റെ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടൈൽ പണിക്ക് നിയമിച്ചെന്നാണ് ആരോപണം.

നിലവിൽ പിവി രാജുവിനെതിരെ വിജിലൻസ് അന്വേഷണം നിലവിലുണ്ട്. അതേസമയം വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് ക്യാമ്പ് ഫോളോവർമാർ ഡിജിപിയെ സമീപിച്ചിരിക്കുന്നത്. നാല് ജീവനക്കാരെയാണ് ഇത്തരത്തിൽ ദാസ്യപ്പണിക്ക് നിയോഗിച്ചത്.

അതേസമയം മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽ പ്രതിസ്ഥാനത്താണ്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന കെസി വേണുഗോപാൽ, കെവി തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മന്ത്രിമായിരുന്ന കാലത്തെ ഗൺമാന്മാരെ ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് എൺപതിലേറെ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരാണ് പൊലീസുദ്യോഗസ്ഥരെ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ഇതുവഴി സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് പ്രതിവർഷം ഉണ്ടാകുന്നത്.

എഡിജിപി ആയിരുന്ന സുദേഷ് കുമാറിന്റെ ഭാര്യയും മകളും അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഗവാസ്‌കറിനെ മർദ്ദിച്ചതാണ് സംസ്ഥാനത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരെ അടിമപ്പണി ചെയ്യിക്കുന്നതിന്റെ വലിയ തെളിവുകളാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ കണക്ക് ആവശ്യപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ