scorecardresearch
Latest News

കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ് പ്രശ്നം നിറഞ്ഞത്: ഉന്നത വിദ്യാഭ്യാസ മന്ത്രി

ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്താമെന്ന് സര്‍വകലാശാല അറിയിച്ചതായും മന്ത്രി പറഞ്ഞു

R Bindhu,
Photo: Facebook/ Dr. R Bindhu

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പ്രശ്നം നിറഞ്ഞതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. വർഗ്ഗീയവിഭജന അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസുകൾ കാരണം ആയിക്കൂട. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമർശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളിൽ എത്താനും കുട്ടികൾക്ക് കഴിവ് നൽകാൻ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകൾ തമ്മിൽ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടായെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

സെക്യുലർ ഇടമായി തുടരേണ്ട ക്ലാസ് റൂമുകളെ വിഭാഗീയ ചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമർശനാത്മകപഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകൾ സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിൽ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു. സര്‍വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല.

അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സര്‍വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികൾ വരട്ടെ. സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങൾ ഉണ്ടായാൽ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read: നാര്‍ക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസി, സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Higher education minister r bindhu on kannur university syllabus