തിരുവനന്തപുരം. കാള പെറ്റു എന്ന് കേള്‍ക്കുന്നതെ കയറെടുക്കന്നത് പ്രതിപക്ഷത്തിനായാലും മാധ്യമങ്ങള്‍ക്കായാലും ചേര്‍ന്നതല്ലെന്ന് ലോകായുക്ത വിധിയുടെ ഭാഗമായിട്ട് എല്ലാവരും ഉള്‍ക്കൊള്ളുന്നു എന്ന് വിചാരിക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. ലോകായുക്തയില്‍ നിന്ന് അനുകൂല വിധിയുണ്ടായതിന് ശേഷമാണ് മന്ത്രിയുടെ വിമര്‍ശനം.
“കാര്യങ്ങള്‍ പഠിച്ച് കൈകാര്യം ചെല്ലേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമുണ്ട്. രമേശ് ചെന്നിത്തല ഏറെക്കാലമായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലുള്ള വ്യക്തിയാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോയതിന്റെ ഇച്ഛഭംഗമാണൊ ഈ വിഷയം ഇത്രയും പെരുപ്പിക്കാനുള്ള കാരണമെന്ന് അറിയില്ല,” മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
“ഏറെ ബഹുമാനമുള്ള നേതാവാണ് ചെന്നിത്തല. അദ്ദേഹം കാര്യങ്ങള്‍ പഠിക്കാതെ സമീപിക്കുന്നത് ഭൂഷണമല്ല എന്നാണ് വിനയപൂര്‍വം പറയാനുള്ളത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയര്‍ത്തുക എന്ന മുഖ്യമന്ത്രിയുടെ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് എനിക്കുള്ളത്. എന്റെ ജോലി നിര്‍വഹിക്കാന്‍ എന്നെ അനുവദിക്കണം,” മന്ത്രി വ്യക്തമാക്കി.
“നമ്മുടെ ഭാവിയെ സംബന്ധിച്ച കാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളും മുന്നേറ്റങ്ങളും കേരളീയ സമൂഹത്തിന് ഏറെ അനിവാര്യമായ കാര്യമാണ്. അത് ചെയ്യാനുള്ള സാവകാശം തരണം. പ്രതിപക്ഷ നേതാവ് സതീശന്റെ ഭാഗത്ത് നിന്ന് സഹകരണ മനോഭാവമാണ് ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിനോട് നന്ദി പറയുന്നു,” മന്ത്രി പറഞ്ഞു.
Also Read: കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി