കൊച്ചി: വിസ ചട്ടങ്ങളിൽ ഏർപ്പെടുത്തിയ നിബന്ധനകൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. വിദേശ രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ ഇന്ത്യൻ പൗരൻമാർക്ക് ആ രാജ്യത്ത് കുറഞ്ഞത് മൂന്നു മാസത്തെ താമസാനുമതിയും ജോലി, പരീശീലനം, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ഒരു മാസത്തെ താമസാനുമതിയും നിർബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണ് ഹർജി.

കോഴിക്കോട് സ്വദേശി ഫസലുറഹ് മാൻ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് ഹലീം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പുതിയ നിബന്ധനകൾ കാരണം ലോക്ക്ഡൗൺ കാലത്ത് നാട്ടിലെത്തി കുടുങ്ങിയ വിസാ കാലാവധി തീരാറായവർക്ക് മടങ്ങാനാവുന്നില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. ജൂൺ ഒന്നിനാണ് കേന്ദ്ര സർക്കാർ വിസ ചട്ടങ്ങളിൽ നിബന്ധന ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

Also Read: കോവിഡ് സര്‍ട്ടിഫിക്കറ്റ്, പിപിഇ, ഫെയ്‌സ്‌ ഷീല്‍ഡ്: മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ അറിയേണ്ട കാര്യങ്ങള്‍

ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടരാമെന്ന് സർക്കാരിനോട് ഹൈക്കോടതി

തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പിസിആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.