കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടെന്ന
പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജുഡീഷ്യല്‍ ഓഫീസേഴ്‌സ്
അസോസിയേഷന്‍ ഹൈക്കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ്
രജിസ്ട്രി കേസെടുത്തത്. കേസ് കോടതി നാളെ പരിഗണിക്കും.
മജിസ്‌ട്രേറ്റ് ദീപ മോഹനനെയാണു ചേംബറില്‍ അഭിഭാഷകര്‍ പൂട്ടിയിട്ടതായി ആരോപണമുയര്‍ന്നത്. സിജെഎം എത്തിയാണു മജിസ്‌ട്രേറ്റിനെ മോചിപ്പിച്ചത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്കു മജിസ്‌ടേറ്റ് ജാമ്യം നിഷേധിച്ചതിനെതിരെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.
ബാർ അസോസിയേഷൻ നേതാക്കളും ചേർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹനെ തടഞ്ഞുവച്ചെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ കത്തിൽപറയുന്നു. അഭിഭാഷകരുടെ നടപടി കുറ്റകരായ കൃത്യമാണന്നും പരാതിയിൽ ആരോപിക്കുന്നു.
വാഹനാപകട കേസിലെ പ്രതിയായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യമാണു മജിസ്‌ട്രേറ്റ് റദ്ദാക്കിയത്. ഇയാള്‍ക്കു പിന്നീട് ജില്ലാ ജഡ്ജി ജാമ്യം അനുവദിച്ചിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ കോടതി ബഹിഷ്‌കരിക്കാന്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിയെ അഭിഭാഷകരെത്തി മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുര്‍ന്നിരുന്നു.
എന്നാല്‍ പ്രതിഷേധിക്കുകയല്ലാതെ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടില്ലെന്നാണ് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നത്. ജാമ്യം നിഷേധിച്ചതു ശരിയായ നടപടിയല്ലെന്നും മജിസ്‌ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിക്കു പരാതി നല്‍കുമെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു.