കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീം കോടതി വിധിയിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പിറവം പള്ളിക്കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

ശബരിമലയുടെയും പിറവം പള്ളിയുടെയും കാര്യത്തിൽ എന്തുകൊണ്ടാണ് വ്യത്യസ്ത നിലപാട്, പിറവത്ത് സമവായ ശ്രമം നടത്തുമ്പോൾ ശബരിമലയിൽ എന്തുകൊണ്ടാണ് അതിന് ശ്രമിക്കാത്തതെന്നും ചോദിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിനാണ് അനുരഞ്ജന ശ്രമം നടത്തുന്നതെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ ആയിരകണക്കിന് പൊലീസുകരെയാണ് വിന്യസിച്ചിരിക്കുന്നത് എന്നാൽ പിറവത്ത് 200 പേര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണ്?. ഈ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് മനസിലാകുന്നതല്ല. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു.

പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടെങ്കിലും അത് നടപ്പാക്കി കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അനുരഞ്ജന ചര്‍ച്ച നടത്തുകയല്ല കോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് നിസ്സഹായരാണോ? പൊലീസ് ഉദ്യോഗസ്ഥർ എന്തെങ്കിലും പ്രത്യേക അജണ്ട വച്ച് പെരുമാറുകയാണോ എന്നും കോടതി ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.