കൊച്ചി: സ്കൂൾ ഘടനാമാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിതംബരേഷ് ഉൾപ്പെടുന്ന മൂന്നംഗ ബ‌ഞ്ചിന്റേതാണ് വിധി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എൽപി ക്ളാസുകൾ ഒന്നു മുതൽ അഞ്ച് വരെയും, യുപി ക്ളാസുകൾ ആറ് മുതൽ എട്ട് വരെയുമാണ്. എന്നാൽ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസുകളാണ് എൽപി ക്ലാസുകളായി പരിഗണിക്കുന്നത്. ഇതിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

ഘടനയിൽ മാറ്റം വരുത്താൻ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെ കേരളത്തിൽ ഇനി മുതൽ എൽപി സ്കൂളിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളായിരിക്കും. വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ അടക്കം നാൽപതോളം പേരാണ് ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഒരു വയസ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതാണ് നിയമം. എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ കേരളത്തിൽ ഘടനാമാറ്റം നിലവിൽ വന്നിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.