scorecardresearch
Latest News

വിസിമാര്‍ക്ക് തത്കാലം തുടരാം, രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് ഹൈക്കോടതി

വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.

വിസിമാര്‍ക്ക് തത്കാലം തുടരാം, രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് ഹൈക്കോടതി

കൊച്ചി: രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചാന്‍സലര്‍ പുതിയ തീരുമാനം എടുക്കുന്നത് വരെ വിസിമാര്‍ക്ക് തത്കാലം തുടരാമെന്നു കോടതി പറഞ്ഞു. രാജി വെയ്ക്കാത്ത വിസി മാര്‍ക്ക് വിശദീകരണം നല്‍കാന്‍ പത്ത് ദിവസം ഗവര്‍ണര്‍ സമയം നല്‍കിയിരുന്നു.

അതേസമയം ഗവര്‍ണര്‍ തിടുക്കത്തില്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് ശരിയായില്ല. വിസിമാരുടെ വാദങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണം. രാജി വെക്കണമെന്ന് പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. എന്നാല്‍ വിസി മാരുടെ എല്ലാ വാദങ്ങളും ചാന്‍സലര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ  ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി  നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. 

വാദത്തിനിടെ വിസിമാരുടെ നിയമനം ശരിയല്ലേയെന്ന് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. താന്‍ നടത്തിയ നിയമനം തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് ആവില്ലേ? എന്നതടക്കമുള്ള ചോദ്യങ്ങള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ നിന്നുണ്ടായി. സുപ്രീം കോടതി വിധി ചൂണ്ടികാട്ടിയ ഹൈക്കോടതി വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ചു. ഇന്ന് രാവിലെ രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.

സുപ്രീം കോടതി വിധി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് മാത്രം ബാധകമാണെന്നാണ് വിസിമാരുടെ വാദം. ഇത് ശരിയെങ്കില്‍ തന്നെ ചാന്‍സലര്‍ ഒരു മനുഷ്യനാണ്. മനുഷ്യന് തെറ്റ് പറ്റിയാല്‍ അത് തിരുത്താനുള്ള അവകാശം അദ്ദേഹത്തിനില്ലേയെന്നും കോടതി ചോദിച്ചു. സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Highcourt on vc governor

Best of Express