കൊച്ചി: സർക്കാരിന്റെ അബ്കാരി നയം ഹൈക്കോടതി ശരിവച്ചു. അബ്കാരി നയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡിവിഷൻ ബഞ്ച് തള്ളി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. മലപ്പുറം സ്വദേശി ഖദീജ നർഗീസ് കോഴിക്കോട് സ്വദേശി പത്മിനി തൃശൂർ സ്വദേശി റോസ് എന്നിവർ ചേർന്ന് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്.

സർക്കാർ മദ്യം ലഭ്യമാക്കുന്നതിന്റെ അളവും സമയവും റീട്ടെയിൽ ഔട്ട് ലെറ്റുകളുടെ എണ്ണവും അടിയന്തിരമായി കുറയ്ക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ മദ്യ നയം മൂലം മദ്യപരുടെ ഭാര്യമാർ കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാവുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.

ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത് സർക്കാരിന്റെ നയപരമായ കാര്യമാണന്നും മദ്യത്തിന്റെ അളവും വിൽപ്പനയുടെ സമയവും സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ നിലവിലുണ്ടന്ന് സർക്കാരിനു വേണ്ടി ഹാജരായ സിനിയർ ഗവ. പ്ലീഡർ സുറിൻ ജോർജ് ഐപ്പ് ബോധിപ്പിച്ചു. സർക്കാരിന്റെ ചട്ടങ്ങൾ വിവിധ ഘട്ടങ്ങളിൽ കോടതി ശരിവച്ചിട്ടുണ്ടെന്നും സർക്കാർ വിശദികരിച്ചു. നയപരമായ കാര്യത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ബോധിപ്പിച്ച തിനെത്തുടർന്നാണ് കേസ് തള്ളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.