scorecardresearch
Latest News

ഇങ്ങനെയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം അന്വേഷണം. വസ്തുതകള്‍ വളച്ചൊടിക്കരുത്

Vandana Das, high court, ie malayalam

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. ഇതേ സംവിധാധമാണ് അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതെന്നും കോടതി പരാമർശിച്ചു. ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് ഭയം മൂലമാണ്. സര്‍ക്കാര്‍ വിഷയത്തെ അലസമായി സമീപിക്കരുതെന്നും വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് പറഞ്ഞ കോടതി, പ്രതിയെ പരിശോധനയ്ക്കായി കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് ചോദിച്ചു. പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരില്ലാതെ ഡോക്ടറുടെ അടുത്തേക്ക് പ്രതിയെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം അന്വേഷണം. വസ്തുതകള്‍ വളച്ചൊടിക്കരുത്, വസ്തുതയായി തന്നെ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതിയില്‍ സംഭവം സംബന്ധിച്ച് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചു. സന്ദീപ് ആദ്യം ആക്രമിച്ചത് ബന്ധുവിനെയെന്നും പിന്നീട് പൊലീസിനെതിരെ തിരിഞ്ഞ ശേഷമാണ് വന്ദനയെ ആക്രമിച്ചതെന്നുമാണ് റിപ്പോർട്ടിലെ എഡിജിപി വിശദീകരണം. ആക്രമണ സമയത്ത് തടയാന്‍ പൊലീസിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നില്ല. സംരക്ഷണത്തിന് മതിയായ പൊലീസില്ല, പുതിയ പ്രോട്ടോക്കോള്‍ ഉടന്‍ ഇറക്കുമെന്നും എഡിജിപി റിപ്പോർട്ടിൽ വിശദമാക്കി.

വന്ദനയുടെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കൊലപാതകത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോര്‍ട്ടും തേടിയിരുന്നു.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Highcourt criticise state government on dr vandana murder case