തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് ശക്തമായ കടലാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 കിലോ മീറ്റർ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഒൻപതു പേരുടെയും കൊ ല്ലത്തു മൂന്നുപേരുടെയും ലക്ഷദ്വീപിൽ പെട്ട ഒരു മലയാളിയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 28 ആയി ഉയർന്നു. മത്സ്യത്തൊഴിലാളികൾ ബോട്ടുകളിൽ നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പൂന്തുറ, വിഴിഞ്ഞം തീരങ്ങളിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ലഭിച്ച മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. സംസ്ഥാനത്ത് ഇനി 96 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്ന് റവന്യൂ- ഫിഷറീസ് വകുപ്പുകൾ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം യഥാർഥകണക്ക് ഇതിനേക്കാൾ വരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.