തിരുവനന്തപുരം: വേനല്‍ അവധിക്കാലം കഴിയുമ്പോഴുണ്ടാകുന്ന തിരക്ക് പരിഗണിച്ച് യാത്രാ ക്ലേശം ഒഴിവാക്കാന്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ​എന്നാൽ ഇത് കേരളത്തില്‍ നിന്നും ചെന്നൈ, യശ്വന്ത്പുര്‍, മാംഗ്ലൂർ ജംങ്ഷന്‍ എന്നിവടങ്ങളിലേക്ക് പ്രത്യേക നിരക്കില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകളുടെ കാലാവധി നീട്ടിക്കൊണ്ടാണ് റെയില്‍വേയുടെ നടപടി  എന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

പ്രത്യേക ട്രെയിനുകളിലെ പ്രത്യേക നിരക്ക് ഈടാക്കുന്ന രീതിയോട് ഭൂരിഭാഗംയാത്രക്കാര്‍ക്കും യോജിപ്പില്ല. പ്രത്യേക നിരക്ക് ഈടാക്കുന്ന ട്രെയിനുകളില്‍ 500 കിലോമീറ്ററാണ് ഏറ്റവും കുറഞ്ഞ ഫെയര്‍ സ്റ്റേജായി കണക്കാക്കുന്നത് ഉദാഹരണത്തിന്. തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എക്‌സ്പ്രസ്സ് ട്രെയിനിലെ സ്ലീപ്പര്‍ നിരക്ക് 140 ആണെന്നിരിക്കെ ചെന്നൈ കൊച്ചുവേളി പ്രത്യേക തീവണ്ടിയില്‍ ഇതേ ദൂരം സഞ്ചരിക്കാന്‍ 375 രൂപയാണ് നിരക്ക്. കേരളത്തില്‍ നിന്നുള്ള എല്ലാ പ്രത്യേക ട്രെയിനുകളിലും ഈ നിരക്ക് ഈടാക്കും എന്നതിനാല്‍ കേരളത്തിനോട് അടുത്ത സ്ഥലങ്ങളിലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സാധാരണ നല്‍കുന്നതിനേക്കാള്‍ ഇരട്ടിയലധികം തുക ടിക്കറ്റ് നിരക്കായി ചെലവാകും.

എന്നാൽ  ഇത് റെയില്‍വേയുടെ നയപരമായ തീരുമാനമാണെന്നാണ് ഉന്നത അധികാരികള്‍ നല്‍കുന്ന വിശദീകരണം. നിരക്ക് സംബന്ധമായ കാര്യങ്ങളില്‍ റെയില്‍വേ ബോര്‍ഡാണ് തീരുമാനമെടുക്കുന്നത്. ഇത് നടപ്പാക്കുക മാത്രമാണ് സോണുകളും, ഡിവിഷനുകളും ചെയ്യുന്നത്.

ഇതിനു പുറമെ ദക്ഷിണ കേരളത്തില്‍ നിന്നും ചെന്നൈയിലേയ്ക്കുളള ട്രെയിനിന്റെ സമയക്രമത്തിനെതിരെയും ആക്ഷേപമുണ്ട്. നിലവില്‍ സര്‍വീസ് നടത്തുന്ന കൊച്ചുവേളി-ചെന്നൈ എഗ്മോര്‍ (06066) പ്രത്യേക നിരക്ക് തീവണ്ടി ജൂണ്‍ 29 വരെ സര്‍വീസ് തുടരാനാണ് റെയില്‍വേയുടെ തീരുമാനം. എല്ലാ വ്യാഴാഴ്ച്ചകളിലും പുലര്‍ച്ചെ 05.10 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് അന്നേദിവസം രാത്രി 09.45 ന് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ എല്ലാ വ്യാഴാഴ്ച്ചകളിലും രാത്രി 11.45 ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം വൈകിട്ട്  4.55 ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളിയിൽ നിന്നും ചെന്നൈ വരെയും തിരികെയും  നാഗര്‍കോവില്‍ ടൗണ്‍, മധുര വഴിയുള്ള സര്‍വീസുകൾക്ക്   തിരുവനന്തപുരം, കുഴിത്തുറ, നാഗര്‍കോവില്‍ ടൗണ്‍, വള്ളിയൂര്‍, തിരുനെല്‍വേലി, കോവില്‍പ്പട്ടി, സാത്തൂര്‍, വിരുദ്ധനഗര്‍, മധുര, തിരുച്ചിറപ്പള്ളി, വിരുദ്ധാച്ചലം, വില്ലുപുരം, ചെങ്കല്‍പേട്ട്, താമ്പരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. train, special train time, fair, railway

യാത്രക്കാര്‍ക്ക് ഒട്ടും പ്രയോജനകരമായ രീതിയലല്ല സര്‍വീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഇതിനോടകം ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. നിലിവില്‍ ഗുരുവായൂര്‍- തിരുവനന്തപുരം- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സ്, വൈകിട്ട് 04.10 തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ മാത്രമാണ്  തിരുവനന്തപുരം നാഗകോവിൽ റൂട്ട് വഴി സര്‍വീസ് നടത്തുന്നത്. ഇതില്‍ ഏറ്റവും അധികം ചെന്നൈ യാത്രക്കാര്‍ ആശ്രയിക്കുന്നത് അനന്തപുരി എക്‌സ്പ്രസിനെയാണ്. വൈകുന്നേരങ്ങളില്‍ സര്‍വീസ് ആരംഭിക്കുന്നതിന് പകരം പുലര്‍ച്ചെ 05.10 ആരംഭിക്കുന്ന രീതയില്‍ സര്‍വീസ് ക്രമീകരിച്ചതില്‍ യാത്രക്കാരിൽ അതൃപ്തിയുണ്ട്. ഇതിനു മുന്‍പ് കൊച്ചുവേളിയില്‍ നിന്നും പോണ്ടിച്ചേരിയിലേയ്ക്ക്  നടത്തിയ പ്രത്യേക സര്‍വീസിന്റെ അതേ സമയക്രമമാണ് ഇപ്പോഴത്തെ ചെന്നൈ വണ്ടിക്കും നല്‍കിയിരിക്കുന്നത്. പ്രതീക്ഷിച്ചത്ര യാത്രക്കാരില്ലാതിരുന്നതിനാല്‍ പോണ്ടിച്ചേരിപ്രത്യേക സര്‍വീസ് കഴിഞ്ഞ മാസം റെയില്‍വേ നിര്‍ത്തിയിരുന്നു. വേളാങ്കണി, നാഗൂർ ഭാഗങ്ങളിലേയ്ക്കുളള യാത്രക്കാർ പോണ്ടിച്ചേരി ട്രെയിൻ സഹായകരമാവുമായിരുന്നു. എന്നാൽ ആ ഗുണം ഈ സമയക്രമം മൂലം ലഭിക്കുന്നില്ലെന്നതാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.

ഐആര്‍സിടിസിയുടെ ബുക്കിങ് സൈറ്റിലും ഇത് പ്രകടമാണ്. ഈ വരുന്ന മെയ് 11 വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ പരിശോധിച്ചാല്‍ മറ്റ് ട്രെയിനുകളിലെ (പാലക്കാട് വഴിയും മധുര വഴിയും) സ്ലീപ്പര്‍ ക്ലാസ് ബുക്കിംങ് വെയിറ്റിംഗ് ലിസ്റ്റും കടന്ന് പൂള്‍ഡ് ക്വാട്ടയിലേക്ക് എത്തിയിട്ടും, കൊച്ചുവേളി-ചെന്നൈ ട്രെയിനില്‍ മുന്നൂറിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലെ പ്രത്യേക സര്‍വീസ് വെളളിയാഴ്ച പോണ്ടിച്ചേരിയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച്ച രാവിലെ തിരുവനന്തപുരത്ത് എത്തി, ഞായറാഴ്ച്ച വൈകുന്നേരം മടങ്ങുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ വില്ലുപുരം, തിരുച്ചിറപ്പള്ളി, മധുര, തിരുന്നെല്‍വേലി എന്നിവടങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ക്ക് സഹായകമാകും. ഇത് അനന്തപുരി എക്‌സ്പ്രസിലെ തിരക്കിനും പരിഹാരമാകും, നിലവില്‍ ആഴ്ച്ച അവസാനങ്ങളില്‍ അനന്തപുരിയിലെ വെയിറ്റിംഗ് ലിസ്റ്റ് മുന്നൂറിനടുത്താണ്. ഇതല്ലെങ്കില്‍ നിലവില്‍ പോണ്ടിച്ചേരി -കന്യാകുമാരി  പ്രതിവാര ട്രെയിൻ (16861/16862) സമയഭേദഗതി വരുത്തി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

എന്നാല്‍ കേരളത്തിലെ ഡിവിഷനുകളില്‍ ആവശ്യത്തിന് റേക്കുകള്‍ (ഒരു ട്രെയിന്‍ സര്‍വീസ് നടത്താനുള്ള കോച്ചുകളുടെ സെറ്റിനെയാണ് റേക്ക് എന്ന് പറയുന്നത്) ഇല്ലാത്തതാണ് ഇത്തരത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്. നിലവില്‍ കൊച്ചുവേളിയില്‍ നിന്നും വെള്ളിയാഴ്ച്ചകളില്‍ മംഗളുരൂവിലേയ്ക്കുളള  പ്രത്യേക ട്രെയിനിന്റെ റേക്കാണ് കൊച്ചുവേളി ചെന്നൈ സര്‍വീസില്‍ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് വെള്ളിയാഴ്ച്ച വൈകുന്നേരം ഇത് തിരിച്ചെത്തിയ ശേഷമാണ് ഇതേ റേക്ക് ഉപയോഗിച്ച് കൊച്ചുവേളി – മാംഗ്ലൂർ പ്രത്യേക സര്‍വീസ് നടത്തുന്നത്. വെള്ളിയാഴ്ച്ചകളില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവിലേയ്ക്കും  ഞായറാഴ്ച്ചകളില്‍ തിരിച്ചുമുള്ള ഈ സര്‍വീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്.

മറ്റ് പ്രത്യേക ട്രെയിനുകളുടെ വിശദാംശം.

നിലവിലുള്ള ചെന്നൈ എഗ്മോര്‍- എറണാകുളം ജങ്‌ഷൻ സൂപ്പര്‍ ഫാസ്റ്റ് (06033) ജൂണ്‍ 24 വരെ സര്‍വീസ് തുടരും. എല്ലാ ഞായറാഴ്ച്ചകളിലും രാത്രി 10.40ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 10.45 ന് എറണാകുളത്ത് എത്തും. മടക്കയാത്രയില്‍ ജൂണ്‍ 27 വരെയുള്ള എല്ലാ ചൊവ്വാഴ്ച്ചകളിലും രാത്രി 7 മണിക്ക് എറണാകുളത്തു നിന്ന യാത്ര ആരംഭിച്ച് (06034) അടുത്ത ദിവസം രാവിലെ 7.30 ന് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 13 സ്ലീപ്പര്‍ കോച്ചുകളും, 3 തേര്‍ഡ് എസി, 1 സെക്കന്‍ഡ് എസി കോച്ചുമുള്ള ട്രെയിനിന് ആരക്കോണം, കട്‌പാഡി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ എന്നിവടങ്ങളില്‍ നിർത്തും.

കഴിഞ്ഞയാഴ്ച്ച സര്‍വീസ് ആരംഭിച്ച എറണാകുളം സൗത്ത്-രാമേശ്വരം പ്രത്യേക നിരക്ക് തീവണ്ടി (06035) ജൂണ്‍ 25 വരെ തുടരാനാണ് റെയില്‍വേയുടെ തീരുമാനം. ജൂണ്‍ 25 വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും വൈകിട്ട് 4 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 4 മണിക്ക് രാമേശ്വത്ത് എത്തിച്ചേരും. മടക്കയാത്രയില്‍ ജൂണ്‍ 26 വരെയുള്ള എല്ലാ തിങ്കളാഴ്ച്ചകളിലും രാത്രി 10 മണിക്ക് രാമേശ്വരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ (06036) അടുത്ത ദിവസം രാവിലെ 10.15 ന് എറണാകുളം ജംങ്ഷനില്‍ എത്തിച്ചേരും. 13 സ്ലീപ്പര്‍ കോച്ചുകളും, 3 തേര്‍ഡ് ഏസി, ഒരു സെക്കന്‍ഡ് ഏസി കോച്ചുമുള്ള ട്രെയിന്‍ ആലുവ, തൃശ്ശൂര്‍, പാലക്കാട്, പാലക്കാട് ടൗണ്‍, പൊള്ളാച്ചി, ഉദുമല്‍പേട്ട, പളനി, ഡിണ്ടിഗല്‍, മധുര, മാനാമധുര, പരമഗുഡി, രാമനാഥപുരം എന്നിവടങ്ങളില്‍ നിര്‍ത്തും.

തമിഴ്‌നാട്ടിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ പഴനി, മധുര, രാമേശ്വരം എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്തുന്ന ട്രെയിനിന് ആദ്യ യാത്രയില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പാലക്കാട് – പൊള്ളാച്ചി പാത ഗേജ് മാറ്റം പൂര്‍ത്തിയാക്കിയ ശേഷം മധ്യകേരളത്തില്‍ നിന്നും ആദ്യമായാണ് ഈ റൂട്ടില്‍ ഒരു ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. അടുത്ത രണ്ടാഴ്ച്ചകളിലേക്കുള്ള റിസര്‍വേഷന്‍ ഇതിനോടകം വെയിറ്റിംഗ് ലിസ്റ്റ് ആയിട്ടുണ്ട്. യാത്രക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ട്രെയിന്‍ സ്ഥിരമാക്കാനും സാധ്യതയുണ്ട്. അതേസമയം ആഴ്ച്ച അവസാനത്തില്‍ എറണാകുളത്തു നി്ന്ന് പുറപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ 9 മണിക്കുള്ളില്‍ തിരിച്ച് എത്തുന്ന തരത്തില്‍ സര്‍വീസ് പുനക്രമീകരിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുമന്നാണ് വിലയിരുത്തപ്പെടുന്നത്.trivandrum railway station, thiruvananthapuram railway station, special train

യശ്വന്ത്പുര്‍ എറണാകുളം (06547) തത്കാല്‍ പ്രത്യേക നിരക്ക് തീവണ്ടി ജൂണ്‍ 14 വരെ സര്‍വീസ് തുടരും. ജൂണ്‍ 13 വരെ എല്ലാ ചൊവ്വാഴ്ച്ചകളിലും രാത്രി 10.45 ന് യശ്വന്ത്പുറില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.30 ന് എറണാകുളം ജംങ്ഷനില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ എറണാകുളത്തു നിന്നും ബുധനാഴ്ച്ചകളില്‍ ഉച്ചയ്ക്ക് 02.45ന് (06548) പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 04.30 ന് യെശ്വന്ത്പുറില്‍ എത്തിച്ചേരും. ഇരു സ്റ്റേഷനുകള്‍ക്കും ഇടയില്‍ ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കൊച്ചുവേളി-മാംഗ്ലൂർ ജംങ്‌ഷൻ (06053 ) പ്രത്യേക നിരക്ക് തീവണ്ടി ജൂണ്‍ 30 വരെയുള്ള എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരം 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 05.10 ന് മാംഗ്ലൂർ ജംങ്‌ഷനില്‍ എത്തിച്ചേരും. മടക്കയാത്രയില്‍ ജൂലൈ 2 വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും വൈകിട്ട് 03.40 ന് മാംഗ്ലൂർ ജംങ്‌ഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ 05.00 മണിക്ക് കൊച്ചുവേളിയില്‍ എത്തും. കോട്ടയം വഴി സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ നിര്‍ത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.