scorecardresearch
Latest News

പതിക്കുന്നത് അതിതീവ്ര അൾട്രാവയലറ്റ് രശ്മികൾ; കേരളത്തിൽ ഇനിയും ചൂട് കൂടുമോ?

സൂര്യാഘാത സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Summer, Heat,heat wave, kerala, temperature increasing
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടികൂടി വരികയാണ്. പകൽ സമയത്ത് കുടയോ തൊപ്പിയോ ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

എന്നാൽ ഈ സാഹചര്യത്തെ ഉഷ്ണ തരംഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ പറയുന്നു. സാധാരണ ഗതിയിൽ ഉണ്ടാകാവുന്ന ചൂടിൽനിന്നു മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് കൂടുന്നുണ്ട്. എന്നാൽ ഇത് തുടർച്ചയായി ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ ആഴ്ചയിൽ താരതമ്യേന ചൂട് കുറവായിരുന്നു.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമുണ്ടാകുന്നത് മേയ് മാസത്തിലാണ്. ആ സമയത്ത് പാലക്കാട് പോലെയുള്ള ചില ജില്ലകളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ ചൂട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധൻ പറഞ്ഞു.

ചൂടിന് കാരണം

ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ വെയിൽ കൊള്ളുന്നത് നല്ലതാണ്. എന്നാൽ കത്തുന്ന വെയിൽ വിറ്റാമിൻ ഡിയ്ക്ക് പകരം സൂര്യാഘാതമായിരിക്കും നൽകുക. വെയിൽ നേരിട്ട് കൊള്ളാതിരിക്കുക കാരണം, അവയിൽ തീവ്രമായ അൾട്രാവയലറ്റ് രശ്മികൾ അടങ്ങിയിരിക്കുന്നു. വെർട്ടിക്കൽ ദിശയിലാണ് ഇപ്പോൾ സൂര്യൻ. അതായത്, നമ്മുടെ തലയ്ക്ക് തൊട്ടു മുകളിലായി, അതുകൊണ്ടാണ് ചൂട് വളരെ കൂടുന്നത്.

അതിതീവ്രമായ അൾട്രാവയലറ്റ് രശ്മികളാണ് ഇപ്പോൾ പതിക്കുന്നതെന്ന് വിദഗ്ധൻ പറയുന്നു. കേരളത്തിൽ സാധാരണ 10 വരെയാണ് അൾട്രാവയലറ്റ് തീവ്രത രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 12 വരെ എത്തിയിരിക്കുന്നു. ഇത് സൂര്യാഘാത സാധ്യതയും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം

ഏപ്രിൽ മാസത്തിൽ പ്രതീക്ഷിച്ചിരുന്ന (39-40 ഡിഗ്രി) ചൂടിനെക്കാൾ മൂന്നോ നാലോ ഡിഗ്രി ചൂട് കൂടുതലാണ്. ഈ വർഷം ഫെബ്രുവരിയിൽ തന്നെ താപനില വർധിക്കാൻ തുടങ്ങി. ഇത് അസാധാരണമായ കാര്യമാണ്, കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം സമാനമായ അവസ്ഥയായിരുന്നു.

മാർച്ചിൽ പ്രതീക്ഷിച്ച അത്ര ചൂടും ഇല്ലായിരുന്നു. ഇപ്പോൾ ഏപ്രിലിൽ വീണ്ടും കൂടുന്നു. മേയ് മാസത്തിൽ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം ആരംഭിക്കും. അത് ഇവിടെയുള്ള ചില ജില്ലകളിലും താപനില വർധിപ്പിക്കാം.

വേനൽമഴ ലഭിക്കുമോ?

പലസ്ഥലങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും വരും ദിവസങ്ങളിലും തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശങ്ങൾ.

  • പകൽ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം തുടർച്ചയായി എല്‍ക്കുന്നത് ഒഴിവാക്കുക.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം.
  • പരമാവധി ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം തടയാന്‍ ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുക.
  • നിർജ്ജലീകരണത്തിനു കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ നിർബന്ധമായും ഉപയോഗിക്കുക.
  • കാട്ടുതീ വ്യാപന സാധ്യതയുള്ളതിനാൽ, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെ സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് സൂര്യാഘാത സാധ്യത കൂടുതലാണ്.
  • ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
  • നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High temperature alert in five districts in kerala