തൊടുപുഴ: കൊട്ടക്കമ്പൂരിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ശമിക്കാതെ തുടരുമ്പോള്‍ നീലക്കുറിഞ്ഞി ഉദ്യാനം തന്നെ ആവശ്യമില്ലെന്ന നിലപാടുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലം മുതല്‍ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാർത്ഥിയായാണ് ജോയ്‌സ് ജോര്‍ജ് എംപി ഇടുക്കിയില്‍ നിന്നു ലോകസഭയിലെത്തിയതും. അതേ ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട ഭൂമി കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റ വിവാദത്തിന് ഇപ്പോഴും അവസാനമായിട്ടുമില്ല. ഇതിനിടെയാണ് നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേത വിഷയത്തില്‍ എതിരഭിപ്രായവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി രംഗത്തെത്തിയിരിക്കുന്നത്.

ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പുറത്തിറക്കിയ നീലക്കുറിഞ്ഞി കേന്ദ്രം പ്രഖ്യാപനവും ചില ചോദ്യങ്ങളും എന്ന കുറിപ്പിലാണ് കുറിഞ്ഞി സങ്കേതം പ്രഖ്യാപിക്കാനുള്ള തീരുമാനം പാവപ്പെട്ട കര്‍ഷരെ ബുദ്ധിമുട്ടിക്കുന്നതാണെന്നു അവകാശപ്പെടുന്നത്.

‘വന്യജീവികേന്ദ്രത്തിന്റെ സ്റ്റാറ്റസിലാണ് ഈ കേന്ദ്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെയായിരുന്നു പ്രഖ്യാപനം. സ്ഥല പരിശോധന ക്യത്യമായി നടത്തുകയോ പ്രദേശവാസികളെ കേള്‍ക്കുകയൊ ഗ്രാമസഭയില്‍ ചര്‍ച്ച നടത്തുകയോ ഉണ്ടായില്ല. ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തിയില്ല. തികച്ചും ഗൂഢലക്ഷ്യങ്ങളോടെയാണ് പ്രഖ്യാപനം നടന്നത്. മലയോര മേഖലയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കൈവശഭൂമിയിലേക്കു വിവിധ പദ്ധതികളിലൂടെ കടന്നുകയറ്റം നടത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പരിധിക്കുള്ളില്‍ 34 സര്‍ക്കാര്‍ സ്ഥപനങ്ങളും 47 ആരാധനാലയങ്ങളും എട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും നാലു ബാങ്കുകളും ഉള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. പ്രദേശവാസികളില്‍ ഭൂരിപക്ഷവും ഭരണഘടന പ്രത്യേക പരിരക്ഷ ഉറപ്പ് നല്‍കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരും, ക്യഷിയെയും കൂലിപ്പണിയെയും മാത്രം ആശയിച്ച് ഉപജീവനം നടത്തുന്നവരുമാണ്. 90% പേരും ബി.പി.എല്‍ വിഭാഗത്തില്‍ വരുന്ന തമിഴ് ഭാഷാ ന്യൂനപക്ഷവുമാണ്. തമിഴ് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി താമസസ്ഥലമായ ഊരുകളും ക്യഷിസ്ഥലങ്ങളും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണ്. ഈ സാഹചര്യങ്ങളെല്ലാം മുതലെടുത്ത് തികച്ചും ഏകപക്ഷീയമായ പ്രഖ്യാപനമാണ് ഉണ്ടായത് ‘ ലേഖനത്തില്‍ പറയുന്നു.

forest minister raju in idukki

നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന പരിശോധനയ്‌ക്കെത്തിയ മന്ത്രിതല സംഘാംഗമായ വനംമന്ത്രി കെ രാജുവിനു മുന്നില്‍ പ്രദേശവാസികള്‍

നീലക്കുറിഞ്ഞിയുടെ പേരില്‍ വനവല്‍ക്കരണം നടത്താനാണ് അധികൃതര്‍ പദ്ധതിയിടുന്നതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു. പശ്ചിമഘട്ട മേഖലയില്‍ ധാരാളമായി കാണപ്പെടുന്നതും 1800 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളിലെല്ലാം വളരുന്നതുമായ ഒരു ചെടിയാണ് നീലക്കുറിഞ്ഞി. നീലഗിരികുന്നുകളിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഇടുക്കി ജില്ലയിലെ മൂന്നാറിനു സമീപം രാജമല ഭാഗത്താണ് നീലക്കുറിഞ്ഞി വ്യാപകമായി കാണുന്നത്. ഈ മേഖലയാകെ ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ പരിധിയിലാണ്. വിനോദ സഞ്ചാരികള്‍ ഏറെ വരുന്ന ഈ പ്രദേശത്ത് നീലക്കുറിഞ്ഞി നന്നായി സംരക്ഷിക്കുന്നുണ്ട് എന്നിരിക്കെ അപൂര്‍വമായി മാത്രം നീലക്കുറിഞ്ഞി കാണപ്പെടുന്നതും ജനവാസമേഖലകള്‍ നിറഞ്ഞതുമായ ഒരു പ്രദേശം നീലക്കുറിഞ്ഞി കേന്ദ്രമായി പ്രഖ്യാപിയ്ക്കപ്പെടുന്നതിന് പിന്നിലെ താല്പര്യം സംശയകരമാണ്. സംരക്ഷിത മേഖലയുടെ തുടര്‍ച്ചയ്ക്കു വേണ്ടിയുള്ള പ്രഖ്യാപനം  കൂടിയാണിത്. 2006 ലെ ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്റെ വിശദീകരണക്കുറിപ്പില്‍ ചിന്നാര്‍ വന്യജീവികേന്ദ്രം, ആനമുടി ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം എന്നിവയുമായുള്ള പരസ്പരബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് കുറിഞ്ഞിമല കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. അപ്പോള്‍ നീലക്കുറിഞ്ഞി സംരക്ഷണം എന്നത് ഒരു മുഖം മൂടി മാത്രമാണ്. ഇതിന് ഉള്ളില്‍ വരുന്ന അഞ്ചുനാട് വില്ലേജ് മുഴുവന്‍ വനമേഖലയ്ക്ക് ഉള്ളിലായി പോകുന്ന സാഹചര്യം സ്യഷ്ടിയ്ക്കപ്പെടുകയാണ്. ഇപ്പോള്‍ തന്നെ വന്യമൃഗശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ പുതിയ വന്യ ജീവി സങ്കേതംകൂടി വന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആശങ്കപ്പെടുന്നുണ്ട്.

കൊട്ടക്കമ്പൂര്‍ മേഖലയില്‍ ഭൂമി വാങ്ങിയവരെയെല്ലാം കയ്യേറ്റക്കാരായി ചിത്രീകരിച്ച് പട്ടയം റദ്ദാക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഇപ്പോള്‍ നടക്കുന്നതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിക്കുന്നുണ്ട്. മേഖലയില്‍ പട്ടയഭൂമി വിലകൊടുത്ത് വാങ്ങിയവരെല്ലാം വ്യാജപട്ടയക്കാരാണെന്ന് ആക്ഷേപിച്ചും സര്‍ക്കാര്‍ സൂക്ഷിക്കേണ്ട ഭൂരേഖകളില്‍ ചിലത് കാണാനില്ലായെന്ന് ന്യായം നിരത്തിയും പ്രസ്തുത പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. കൈയേറ്റഭൂമിയുണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നാണു നിലപാട്. നിയമപരമായ പരിരക്ഷ അര്‍ഹിക്കാത്ത പട്ടയങ്ങള്‍ റദ്ദു ചെയ്യണം. എന്നാല്‍ വ്യവസ്ഥാപിതമായ രീതിയില്‍ വ്യക്തികള്‍ വാങ്ങിച്ച സ്ഥലങ്ങളുടെയെല്ലാം പട്ടയം റദ്ദു ചെയ്യാനുള്ള നീക്കം എങ്ങനെ ന്യായീകരിക്കാനാവുമെന്ന ചോദ്യവും ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഉയര്‍ത്തിവിടുന്നുണ്ട്. നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശം സന്ദര്‍ശിച്ച മന്ത്രി തല സമിതിയിലെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടു സമര്‍പ്പിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ