തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ വനിത പൊലീസുകാരെ നിയമിക്കാൻ തീരുമാനമായി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.

സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിച്ചതോടെ ഏതാണ്ട് 40 ശതമാനത്തോളം തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് കൂടുതൽ വനിത പൊലീസുകാരെ നിയമിക്കാൻ തീരുമാനിച്ചത്. ശബരിമലയിൽ വിവിധ ചുമതലകൾ നിർവഹിക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.

വനിത പൊലീസുകാരുടെ താമസത്തിന് സൗകര്യം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് അഭ്യർത്ഥിക്കും. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് കരുതുന്നത്.

മുതിര്‍ന്ന വനിതാ പൊലീസ് ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍. വനിതാ തീര്‍ഥാടകരുടെ സുരക്ഷക്ക് ഡ്രോണ്‍, കാമറ, മറ്റ് നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിക്കും രൂപം നല്‍കി. തിങ്കളാഴ്ച സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അറിയിക്കും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook