/indian-express-malayalam/media/media_files/uploads/2017/03/sreeramakrishnan.jpg)
തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോടതിയുടേത് യുക്തിരഹിതമായ അഭിപ്രായ പ്രകടനമാണെന്നും ,കലാലയ രാഷ്ട്രീയം നിരോധിച്ച വിധി വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്നവയാണെന്നും സ്പീക്കർ ഒരു പൊതു ചടങ്ങിനിടെ പറഞ്ഞു.
അക്രമം ചെയ്യാൻ പാടില്ല കുഴപ്പങ്ങളുണ്ടാക്കരുത് സമാധാനപരമാകണം ഇതൊക്കെ കോടതിക്ക് പറയാം. പക്ഷെ നിങ്ങളൊരു സത്യാഗ്രഹം നടത്താൻ പാടില്ലെന്നു കോടതി പറഞ്ഞാൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സ്പീക്കർ പ്രതികരിച്ചു. സൂര്യനു കീഴെയുള്ള ഏതുകാര്യത്തിന്റെയും അന്തിമമായ അഭിപ്രായം പറഞ്ഞ് തീരുമാനം ഉറപ്പിക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരാണ് അസംബന്ധമെന്നും സ്പീക്കർ തുറന്നടിച്ചു.
ക്യാംപസ് രാഷ്ട്രീയം പഠനാന്തരീക്ഷം തകർക്കുമെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളെ മാതാപിതാക്കൾ കോളേജിലേക്ക് അയയ്ക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല. പൊന്നാനി എംഇഎസ് കോളേജ് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുളള ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം. കോളേജിലെ സമരപ്പന്തൽ പൊളിച്ചു മാറ്റിയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി.
നേരത്തെ ഹർജി പരിഗണിക്കുമ്പോഴും കടുത്ത നിരീക്ഷണങ്ങളും കർശന നിർദേശങ്ങളും ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. ക്യാംപസുകളിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പഠിക്കാനാണ് വിദ്യാലയങ്ങളിൽ പോകേണ്ടത്. സമരത്തിനല്ല. സമരങ്ങളിലൂടെ രാഷ്ട്രീയ ഭാവി ലക്ഷ്യമിടുന്നവർ പഠനം ഉപേക്ഷിച്ച് പുറത്തുപോകട്ടെ. രണ്ടും ഒന്നിച്ചുപോകില്ല. സമരത്തിനായി കെട്ടുന്ന പന്തലോ മറ്റ് സംവിധാനങ്ങളോ നിലനിർത്താൻ അനുവദിച്ചു കൂടാ. കോളജിനുള്ളിൽ മാത്രമല്ല, തൊട്ടടുത്ത പരിസരത്തൊന്നും അവ പാടില്ല, അങ്ങനെയുളളവ പൊളിച്ചുനീക്കേണ്ടതാണ്. കോളജിൽ നിന്ന് ആവശ്യപ്പെട്ടാൽ ഇതിനാവശ്യമായ എല്ലാ സഹായവും പൊലീസ് നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.