എറണാകുളം: ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. മദ്യശാലകൾ തുറന്നത് ഉത്തരവ് വായിക്കാതെയാണെന്നും ഉദ്യോഗസ്ഥർ മിടുക്കന്മാരാണെന്നും കേരള ഹൈക്കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. അതേസമയം ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള പാത ദേശീയ പാതയാണെന്ന് കേരള സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കുറ്റിപ്പുറം മുതൽ കണ്ണൂർ വരെയും ചേർത്തല മുതൽ തിരുവനന്തപുരം വരെയുമുള്ള പാതകൾ ദേശീയപാതയാണോയെന്ന കാര്യത്തിൽ ദേശീയ പാത അതോറിറ്റിയോട് കേരള ഹൈക്കോടതി വിശദീകരണം തേടും. ബിയർ വൈൻ പാർലറുകൾ തുറന്ന സാഹചര്യത്തിൽ ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.

ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഹൈക്കോടതി ഇന്നലെ വിമർശിച്ചിരുന്നു. മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടില്ല. ബാറുടമകള്‍ക്ക് വേണ്ടി കോടതിയുടെ ചുമലില്‍ നിന്ന് സര്‍ക്കാര്‍ വെടിവെയ്ക്കുകയായിരുന്നു. ഹരജികള്‍ തീര്‍പ്പാക്കുവരെ വരെ മദ്യശാലകള്‍ തുറക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. കൊയിലാണ്ടി നഗരസഭാംഗം വി.പി. ഇബ്രാഹിംകുട്ടി നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ദേശീയപാതയാണെന്ന് മന്ത്രിക്കും സര്‍ക്കാരിനും ഉറപ്പുണ്ടെങ്കില്‍ എന്തിന് മദ്യശാലകള്‍ തുറന്നുവെന്നും കോടതി ചോദിച്ചു. സുപ്രീംകോടതിക്ക് മുകളിലല്ല ഹൈക്കോടതി. ഹൈക്കോടതിയില്‍ ഒന്നും ദുരൂഹമായി നടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിയുടെ കൈയ്യില്‍ ദേശീയപാതയാണെന്ന ഉത്തരവുണ്ടെങ്കില്‍ എന്തുകൊണ്ട് കോടതിയില്‍ ഹാജരാക്കുന്നില്ലെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് ഇന്ന് കോടതിയെ അറിയിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.