കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി. ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി എൻഫോഴ്സ്മെന്റിന് നിർദേശം നൽകി. ശിവശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്. ജാമ്യാപേക്ഷയിൽ 23 നകം എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റിന് കോടതി നിർദേശം നൽകി.
അന്വേഷണം നൂറു ദിവസം പിന്നിട്ടെന്നും തൊണ്ണൂറ് മണിക്കൂറോളം ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും ശിവശങ്കറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു ബോധിപ്പിച്ചു. പാസ്പോർട്ടും മറ്റ് രേഖകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടും ഇന്ന് ഹാജരാകാൻ നിർദേശിച്ച് ഇന്നലെ അടിയന്തര നോട്ടീസ് കിട്ടിയെന്നും ഇന്ന് ഹാജരാകുമെന്നും അറസ്റ്റ് ചെയ്യരുതെന്നും ശിവശങ്കർ അറിയിച്ചു.
ശിവശങ്കർ പ്രതിയല്ലന്നും അറസ്റ്റ് ചെയ്യുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലന്നും എൻഫോഴ്സ്മെന്റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു.
അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്.രാജീവ് മുഖേനയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്.
എൻഫോഴ്സ്മെന്റ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും എന്നാൽ, എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നെന്നും എന്നാൽ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കറിന്റെ വാദം. ലോക്കർ തുറക്കാൻ സഹായിച്ചത് സൗഹൃദത്തിന്റെ പേരിലാണെന്നും ഹർജിയിലുണ്ടായിരുന്നു.
Read More: കുറ്റപത്രത്തിലെ പരാമർശങ്ങൾ തന്നെ പ്രതിയാക്കാൻ ലക്ഷ്യമിട്ടുള്ളത്; മുൻകൂർ ജാമ്യം തേടി ശിവശങ്കർ
വിവിധ ഏജൻസികൾ ഒൻപത് തവണകളിലായി 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. എന്നാൽ, എൻഫോഴ്സ്മെന്റ് സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ തന്നെ പ്രതിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ശിവശങ്കർ ഹർജിയിൽ പറഞ്ഞിരുന്നു.
കേസിലെ പ്രതികൾ സ്വർണക്കടത്ത് ആരംഭിച്ചത് 2019 നവംബറിലാണെന്നും അതിനു മുൻപ് ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള തന്റെ വാട്സാപ്പ് മെസേജുകൾ തിയതി പോലുമില്ലാതെ പരാമർശിക്കുന്നത് കുറ്റകൃത്യത്തിൽ തനിക്ക് പങ്കുണ്ടെന്ന ധാരണ പരത്തി തെറ്റിദ്ധരിപ്പിക്കാനും കേസിൽ പെടുത്താനുള്ള ശ്രമമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
താൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. ഓരോ തവണ ചോദ്യം ചെയ്തു കഴിയുമ്പോഴും വളച്ചൊടിച്ച വാർത്തകളാണ് വരുന്നതെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റിന് സ്വപ്നയെ പരിചയപ്പെടുത്തിയതിൽ അസ്വാഭാവികമായി ഒന്നുമില്ല. സ്വപ്നയുടെ പണം ഷാർജ ഭരണാധികാരിയിൽ നിന്ന് ലഭിച്ച ടിപ്പാണെന്നാണ് തന്റെ അറിവ്. ഇക്കാര്യം ചാർട്ടേഡ് അക്കൗണ്ടന്റുമായി വാട്സാപ്പ് സന്ദേശത്തിൽ പങ്കുവച്ചിട്ടുണ്ട്. കള്ളക്കടത്ത് നടക്കുന്നതിന് 8-12 മാസങ്ങൾക്ക് മുൻപാണിത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജസികളെ അറിയിച്ചിട്ടുണ്ടെന്നും ശിവശങ്കർ ബോധിപ്പിച്ചു.
എന്നാൽ സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച കേസിൽ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തിൽ ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻഫോഴ്സമെന്റ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികൾ ഉപയോഗപ്പെടുത്തിയോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സമെന്റിന്റെ നിലപാട്.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ ഒന്നാം പ്രതി പി.എസ് സരിതും രണ്ടാം പ്രതി സ്വപ്ന സുരേഷും എൻഐഎ കോടതിയിലെ ജമ്യാപേക്ഷകൾ പിൻവലിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. മറ്റ് 8 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഉച്ചയ്ക്ക് 2.30 ന് വിധി പറയും എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി