കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ചീഫ് സെക്രട്ടറിക്കും ഗതാഗതവകുപ്പ് സെക്രട്ടറിക്കും കോടതി നോട്ടിസയച്ചു. വ്യാഴാഴ്ച്ചയ്ക്കകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ഇരുവരും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
പെന്‍ഷന്‍ മുടങ്ങിയെന്ന ഒരു കൂട്ടം ജീവനക്കാരുടെ ഹര്‍ജിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദരന്‍ പരിഗണിച്ചത്. പെന്‍ഷന്‍ മുടങ്ങിയെന്ന ഹര്‍ജികളില്‍ എല്ലാ മാസവും അഞ്ചാം തീയതിക്കകം പെന്‍ഷന്‍ നല്‍കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് വിരമിച്ച ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. ബുധനാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് രണ്ടുമാസമായി. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പെന്‍ഷന്‍ വൈകാന്‍ കാരണം. കടം നല്‍കുന്ന പണത്തിന്റെ പലിശയെച്ചൊല്ലിയാണ് ഇരുവകുപ്പുകളും തമ്മില്‍ തര്‍ക്കംനിലനില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പില്‍ സഹകരണ വകുപ്പാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. എട്ടേകാല്‍ ശതമാനമാണ് പലിശ. ഇത് ഒന്‍പത് ശതമാനമായി ഉയര്‍ത്തണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ കരാര്‍ പ്രകാരം ജൂണ്‍വരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇക്കാര്യത്തില്‍ പരിഹാരത്തിനായി പലതവണ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായില്ല.