പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധ സംഭവങ്ങളെ തുടര്‍ന്നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണെന്നുമുളള സുരേന്ദ്രന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് കോടതിയെ അറിയിക്കും.

ശബരിമലയിലെ പ്രതിഷേധത്തിനിടെ 52 കാരിയേയും ബന്ധുവിനേയും തടയുകയും ആക്രമിക്കുകയും ചെയ്ത കേസിലാണ് സുരേന്ദ്രന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. നവംബര്‍ 2നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. തൊട്ട് മുമ്പ് മറ്റൊരു കേസില്‍ അറസ്റ്റിലായിരുന്ന സുരേന്ദ്രന് ആ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നാലെ തന്നെ ഈ കേസും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതോടെ ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വന്നു.

അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും. പക്ഷെ ഇന്ന് പുറത്തിറങ്ങാന്‍ അദ്ദേഹത്തിന് സാധിക്കില്ല. സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിലുള്‍പ്പെടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ.

അതേസമയം, കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.