കൊച്ചി: പുതുച്ചേരിയിൽ ആഡംബര കാർ റജിസ്ട്രേഷൻ ചെയ്ത് നികുതി വെട്ടിച്ച കേസിൽ സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

നേരത്തെ മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. 2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. സുരേഷ് ഗോപി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ റജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

പുതുച്ചേരിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിശോധനയില്‍ 1500 ഓളം വ്യാജ വിലാസങ്ങളിൽ വാഹനം റജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ഒരേ മേല്‍വിലാസത്തില്‍ തന്നെ പല വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ