കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മിക്കാനുള്ള ധനസഹായം നല്‍കുന്ന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതിയില്‍ സംവിധായകരെ തിരഞ്ഞെടുത്ത നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. സിനിമ നിര്‍മ്മിക്കുന്നതായി രണ്ട് സംവിധായികമാര്‍ക്ക് കോര്‍പ്പറേഷന്‍ വഴി ഒന്നരക്കോടി വീതം നല്‍കുന്നതായിരുന്നു പദ്ധതി.

പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റില്‍ സംവിധായികമാരെ കണ്ടെത്താനായി അഭിമുഖം നടത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പ് നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. താരാ രാമാനുജം ,ഐ ജി.മിനി എന്നിവരെ തിരഞ്ഞെടുത്ത നടപടിയാണ് സ്‌റ്റേ ചെയ്തത്. അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യ മുകുന്ദന്‍, ഗീത, അനു ചന്ദ്ര, ആന്‍ കുര്യന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് സംവിധായികമാരെ തിരഞ്ഞെടുത്തത് എന്നാണ് പരാതി.

കേരള സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംവിധായികമാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ നടന്നത് തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പായിരുന്നു. പാനലിന് മുന്നില്‍ തങ്ങളോ മറ്റാരെങ്കിലുമോ എഴുതിയ തിരക്കഥ വായിക്കാന്‍ മാത്രമാണ് അനുവദിച്ചതെന്നും പരാതിക്കാര്‍ പറയുന്നു. ഒന്നരമണിക്കൂറോളം തിരക്കഥ വായന മാത്രമാണ് നടന്നതെന്നും അവര്‍ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവരെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ ആദ്യ ഘട്ടത്തില്‍ 60 തിരക്കഥകളാണ് തിരഞ്ഞെടുത്തത്. അതില്‍ നിന്നും 20 എണ്ണം തിരഞ്ഞെടുക്കുകയും അവസാന റൗണ്ട് ഉണ്ടാകുമെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ അത് നടന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.

കെഎസ്എഫ്ഡിസി തിരഞ്ഞെടുത്ത രണ്ട് പേരും സംവിധായകരല്ല തിരക്കഥാകൃത്തുകളാണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.